മുംബൈ:നായകൻ വില്ല്യംസൺ മുന്നിൽ നിന്നും പട നയിച്ചു, ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. 163 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് അഞ്ചു പന്തു ശേഷിക്കെ രണ്ടു വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. അർദ്ധ സെഞ്ച്വറി നേടിയ നായകൻ കെയ്ന്‍ വില്ല്യംസണ്‍ അഭിഷേക് ശര്‍മ, നിക്കോളാസ് പുരാന്‍ എന്നിവരുടെ ബാറ്റിങ്ങാണ് ഹൈദരാബാദിന് വിജയമൊരുക്കിയത്.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിലാണ് 162 റൺസെടുത്തത്. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഹാർദിക് 42 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്നു. ഹൈദരാബാദിനായി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവർ രണ്ട് വിക്കറ്റ് നേടി.
163 റൺസ് പിന്തുടർന്ന ഹൈദരാബാദ് വളരെ കരുതലോടെയാണ് ബാറ്റ് വീശിയത്. പതിയെ തുടങ്ങിയ അഭിഷേകും വില്ല്യംസണും പവര്‍ പ്ലേയിലെ ആദ്യ നാലോവറില്‍ 11 റണ്‍സ് മാത്രമാണ് നേടിയത്. എന്നാൽ ഷമിയെറിഞ്ഞ അഞ്ചാം ഓവറിൽ സിക്‌സും ഫോറുമടക്കം 14 റൺസ് നേടി. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ നാല് ബൗണ്ടറി അടക്കം 17 റണ്‍സടിച്ച് പവര്‍ പ്ലേയില്‍ 42 റണ്‍സിലെത്തി.