പൂനെ : ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്‌സ് ഹൈദരാബൈദിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്‌കോർ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 210 റണ്‍സ് നേടി. 27 പന്തിൽ 55 റണ്‍സ് നേടിയ സഞ്ജു സാംസണിന്‍റെയും 29 പന്തിൽ 41 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിന്‍റെയും ബാറ്റിങ് മികവിലാണ് രാജസ്ഥാൻ മികച്ച സ്‌കോർ സ്വന്തമാക്കിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. ഓപ്പണർമാരായ ജോസ് ബട്ട്‌ലറും (35), യശ്വസി ജെയ്‌സ്വാളും(20) ആദ്യ വിക്കറ്റിൽ 58 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ജയ്‌സ്വാളിന് പിന്നാലെ ക്രീസിലെത്തിയ സാംസണ്‍ തുടക്കം മുതലേ തകർത്തടിച്ചാണ് കളിച്ചത്. ജോസ് ബട്‌ലർ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ദേവ്‌ദത്ത് പടിക്കൽ കൂടി ഒന്നിച്ചതോടെ സ്‌കോർ വേഗത്തിലായി.
അടിച്ചുപറത്തി സഞ്ജുവും പടിക്കലും :ഇരുവരും ചേർന്ന് പേസർമാരെയും സ്‌പിന്നർമാരെയും ഒരു പോലെ പ്രഹരിച്ചു. ടീം സ്കോർ 148ൽ നിൽക്കെയാണ് ദേവ്ദത്ത് പടിക്കൽ പുറത്തായത്. പിന്നാലെ സഞ്ജു തന്‍റെ അർധശതകം പൂർത്തിയാക്കി. 5 സിക്‌സും 3 ഫോറും ഉൾപ്പടെയായിരുന്നു സഞ്ജു 55 റണ്‍സ് നേടിയത്. എന്നാൽ ടീം സ്കോർ 163 ൽ നിൽക്കെ സഞ്ജുവും പുറത്തായി.