മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോർ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 175 റണ്‍സ് നേടുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ നിതീഷ് റാണയുടേയും അവസാന ഓവറുകളിൽ തകർത്തടിച്ച ആന്ദ്രേ റസലിന്‍റെയും മികവിലാണ് കൊൽക്കത്ത പൊരുതാനാവുന്ന സ്‌കോറിലേക്ക് എത്തിച്ചേർന്നത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്ക് ഓപ്പണർമാരായ ആരോണ്‍ ഫിഞ്ചിനേയും(7), വെങ്കിടേഷ് അയ്യരെയും(6) തുടക്കത്തിൽ തന്നെ നഷ്‌ടമായി. തുടർന്നിറങ്ങിയ സുനിൽ നരെയ്‌നും(6) നിലയുറപ്പിക്കും മുന്നേ മടങ്ങി. ഇതോടെ കൊൽക്കത്ത നാല് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 31 എന്ന നിലയിലായി.
പിന്നാലെയെത്തിയ നായകൻ ശ്രേയസ് അയ്യരും, നിതീഷ് റാണയും ചേർന്ന് സ്‌കോർ ഉയർത്തി. ടീം സ്‌കോർ 70ൽ നിൽക്കെ ശ്രേയസ് അയ്യരെ(28) കൊൽക്കത്തയ്‌ക്ക് നഷ്‌ടമായി. തുടർന്നിറങ്ങിയ ഷെൽഡൻ ജാക്‌സണ്‍(7) വളരെ പെട്ടന്ന് തന്നെ മടങ്ങി. പിന്നാലെ ഒന്നിച്ച് റാണ - റസൽ കൂട്ടുകെട്ട് ടീം സ്‌കോർ ഉയർത്തി.
ടീം സ്‌കോർ 142ൽ നിൽക്കെ നിതീഷ് റാണയെ(54) കൊൽക്കത്തയ്‌ക്ക് നഷ്‌ടമായി. പിന്നാലെയെത്തിയ പാറ്റ് കമ്മിൻസ്(3), അമൻ ഹഖിം ഖാൻ(5) എന്നിവരും വളരെ പെട്ടന്ന് തന്നെ മടങ്ങി. എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച റസൽ ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 25 പന്തിൽ നിന്ന് നാല് ഫോറിന്‍റെയും നാല് സിക്‌സിന്‍റെയും അകമ്പടിയോടെ 49 റണ്‍സുമായി റസൽ പുറത്താകാതെ നിന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ടി. നടരാജൻ മൂന്ന് വിക്കറ്റും, ഉമ്രാൻ മാലിക് രണ്ട് വിക്കറ്റും വീഴ്‌ത്തി. ഭുവനേശ്വർ കുമാർ, മാർകോ ജാൻസെൻ, ജഗദീഷ സുചിത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.