മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 67 റണ്‍സിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ബാംഗ്ലൂരിന്‍റെ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സണ്‍റൈസേഴ്‌സ് 19.2 ഓവറിൽ 125 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ വനിന്ദു ഹസരങ്കയാണ് ഹൈദരാബാദ് നിരയുടെ നട്ടെല്ലൊടിച്ചത്.
വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായി നാലാം സ്ഥാനത്തെത്തിയ ബാംഗ്ലൂർ പ്ലേ ഓഫ് സാധ്യതകൾ വർധിപ്പിച്ചു. 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുള്ള സണ്‍റൈസേഴ്‌സ് നിലവിൽ ആറാം സ്ഥാനത്താണ്. സണ്‍റൈസേഴ്‌സ് നിരയിൽ രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം, നിക്കോളാസ് പുരാൻ എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. നാല് താരങ്ങൾ പൂജ്യത്തിന് പുറത്തായി.
ആദ്യ ഓവറിൽ തന്നെ സണ്‍റൈസേഴ്‌സിന്‍റെ രണ്ട് വിക്കറ്റുകൾ പിഴുതുകൊണ്ടാണ് ബാംഗ്ലൂർ മത്സരം ആരംഭിച്ചത്. ഓപ്പണർമാരായ അഭിഷേക് ശർമ്മ, നായകൻ കെയ്‌ൻ വില്യംസണ്‍ എന്നിവരാണ് ഡക്കായി പുറത്തായത്. ഇതോടെ തകർച്ച മുന്നിൽ കണ്ട സണ്‍റൈസേഴ്‌സിനെ രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം എന്നിവർ ചേർന്ന കൈപിടിച്ചുയർത്തി.