പൂനെ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്‌ത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. 13 റണ്‍സിനായിരുന്നു ബാംഗ്ലൂരിന്‍റെ ജയം. ബാംഗ്ലൂരിന്‍റെ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 160 റണ്‍സ് നേടാനേ സാധിച്ചുള്ളു. വിജയത്തോടെ ബാംഗ്ലൂർ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയപ്പോൾ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി ഓപ്പണർമാരായ ഋതുരാജ് ഗെയ്‌ക്‌വാദും, ഡെവണ്‍ കോണ്‍വേയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 54 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 6-ാം ഓവറിൽ ഗെയ്‌വാദ് (28) പുറത്തായി. പിന്നാലെയെത്തിയ റോബിൻ ഉത്തപ്പയേയും(1), അമ്പാട്ടി റായിഡുവിനേയും(10) മടക്കി ഗ്ലെൻ മാക്‌സ്‌വെൽ ചെന്നൈയെ ഞെട്ടിച്ചു.
തുടർന്നിറങ്ങിയ മൊയീൻ അലിയും കോണ്‍വേയും ചേർന്ന് സ്‌കോർ ഉയർത്തിയതോടെ ചെന്നൈയ്‌ക്ക് വിജയ പ്രതീക്ഷ ലഭിച്ചു. എന്നാൽ 14-ാം ഓവറിൽ കോണ്‍വേയെ(56) ചെന്നൈക്ക് നഷ്‌ടപ്പെട്ടു. പിന്നാലെയെത്തിയ ജഡേജ(3) പെട്ടന്ന് തന്നെ മടങ്ങി. തൊട്ടുപിന്നാലെ മൊയീൻ അലിയേയും(34) മടക്കി ബാംഗ്ലൂർ വിജയം ഉറപ്പിച്ചു.
തുടർന്ന് ചെന്നൈയുടെ അവസാന പ്രതീക്ഷയായിരുന്ന നായകൻ ധോണിയേയും(2), ഡ്വയ്‌ൻ പ്രിട്ടോറിയസിനേയും(13) മടക്കി ബാംഗ്ലൂർ വിജയം ഉറപ്പിച്ചു. സിമർജീത് സിങ്(2), മഹീഷ് തീക്ഷണ(7) എന്നിവർ പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റും, ഗ്ലെൻ മാക്‌സ്‌വെൽ രണ്ട് വിക്കറ്റും വീഴ്‌ത്തിയപ്പോൾ ഷഹ്‌ബാസ് അഹമ്മദ്, ജോഷ് ഹേസൽവുഡ്, വനിന്ദു ഹസരങ്ക എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂർ മഹിപാൽ ലോമറോറിന്‍റെ(42) ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. വിരാട് കോലി(30), ഫഫ് ഡു പ്ലസിസ്(38), ദിനേശ് കാർത്തിക് (26) എന്നിവരും സ്‌കോർ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. ചെന്നൈക്കായി മഹീഷ് തീക്ഷണ മൂന്ന് വിക്കറ്റും മൊയിൻ അലി രണ്ട് വിക്കറ്റും നേടിയപ്പോൾ ഡ്വയ്‌ൻ പ്രിട്ടോറിയസ് ഒരു വിക്കറ്റും സ്വന്തമാക്കി.