കൊല്‍ക്കത്ത : ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 189 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ രാജസ്ഥാന് അർധസെഞ്ചുറിയുമായി ജോസ് ബട്‌ലറും (89) ആക്രമണ ഇന്നിങ്‌സുമായി സഞ്ജു സാംസണും (47) കരുത്ത് പകർന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി, യഷ് ദയാല്‍, സായ് കിഷോര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മുഹമ്മദ് ഷമിയുടെ ആദ്യ ഓവറിൽ രണ്ട് ഫോറുകൾ പായിച്ച് ജോസ് ബട്‌ലർ രാജസ്ഥാൻ നയം വ്യക്തമാക്കി. എന്നാൽ രണ്ടാം ഓവറിലെ അവസാന പന്തില്‍ മൂന്ന് റൺസുമായി മികച്ച ഫോമിലുള്ള യശസ്വി ജയ്‌സ്വാളിനെ നഷ്‌ടമായി. പിന്നീട് ക്രീസിലെത്തിയ സഞ്ജു തുടക്കം മുതല്‍ അക്രമിച്ച് കളിച്ചു.
ബട്‌ലറെ കാഴ്ചക്കാരനാക്കി നേരിട്ട ആദ്യ പന്ത് സിക്‌സർ പറത്തിയാണ് സഞ്ജു തുടങ്ങിയത്. മൂന്നാം വിക്കറ്റില്‍ ബട്‌ലര്‍ക്കൊപ്പം 68 റണ്‍സാണ് മലയാളി താരം കൂട്ടിച്ചേര്‍ത്തത്. സായ് കിഷോറിന്‍റെ പന്തില്‍ അല്‍സാരി ജോസഫിന് ക്യാച്ച് നല്‍കി പുറത്താകുമ്പോൾ സഞ്ജു മൂന്ന് സിക്‌സ് അഞ്ച് ഫോറും നേടിയിരുന്നു.
നാലാമതെത്തിയ ദേവ്ദത്ത് പടിക്കലും സിക്‌സടിച്ചാണ് ഇന്നിങ്‌സ് തുടങ്ങിയത്. 20 പന്തുകള്‍ നേരിട്ട താരം 28 റണ്‍സ് അടിച്ചെടുത്തു. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ബൗള്‍ഡായ ദേവ്ദത്ത് രണ്ട് വീതം സിക്‌സും ഫോറും നേടി. പതിഞ്ഞ താളത്തില്‍ തുടങ്ങിയ ബട്‌ലര്‍ ഇന്നിങ്ങ്‌സ് അവസാനിക്കുമ്പോള്‍ 89 റണ്‍സ് നേടിയിരുന്നു. ഇതുതന്നെയായിരുന്ന രാജസ്ഥാന്റെ ഇന്നിങ്സിന്‍റെ നട്ടെല്ല്. 12 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ബട്‌ലറുടെ ഇന്നിങ്സ്.