മുംബൈ:ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 179 റണ്‍സ് വിജയലക്ഷ്യം. നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. 29 പന്തില്‍ 41 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിനൊപ്പം ദേവ്ദത്ത് പടിക്കല്‍ (18 പന്തില്‍ 39), സഞ്ജു സാംസണ്‍ (24 പന്തില്‍ 32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് മൂന്ന് ഓവറില്‍ തന്നെ രണ്ട് റൺസെടുത്ത ജോസ് ബട്‌ലറെ നഷ്‌ടമായി. പിന്നാലെ ക്രീസിലെത്തിയ സഞ്ജു സാംസൺ ജയ്‌സ്വാളിനൊപ്പം 64 റണ്‍സ് കൂട്ടിചേര്‍ത്തു. സ്‌കോർ 75 ൽ സഞ്ജുവും 77ൽ ജയ്സ്വാളിനെയും നഷ്‌ടമായത് രാജസ്ഥാൻ സ്കോറിങ്ങിന്‍റ വേഗം കുറച്ചു.