മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി 7.30 ന് ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. തുടർച്ചയായ എട്ട് മത്സരങ്ങൾ തോറ്റ് നാണക്കേടിന്‍റെ പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കുന്ന മുംബൈക്ക് ഇന്നത്തെ ജയം ഏറെ അനിവാര്യമാണ്. മറുവശത്ത് വിജയത്തോടെ പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്കെത്താനാകും രാജസ്ഥാൻ റോയൽസിന്‍റെ ലക്ഷ്യം.
എല്ലാ മേഖലയിലും മുംബൈ ഇന്ത്യൻസിനെക്കാൾ ബഹുദൂരം മുന്നിലാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ബാറ്റിങ്ങിലും ബോളിങ്ങിലും സ്ഥിരതയാർന്ന പ്രകടനമാണ് ടീം കാഴ്‌ചവെക്കുന്നത്. ജോസ് ബട്‌ലർ തന്നെയാണ് ബാറ്റിങ് നിരയിൽ ടീമിന്‍റെ നട്ടെല്ല്. പിന്നാലെ തകർപ്പനടികളുമായി സഞ്ജു സാംസണും ഹെറ്റ്മെയറും കൂടി എത്തുന്നതോടെ മുംബൈ ബോളർമാർ വിയർക്കും.
കഴിഞ്ഞ മത്സരത്തിലൂടെ ഫോമിലെത്തിയ റിയാൻ പരാഗും മികച്ച പ്രകടനം കാഴ്‌ചവെച്ചാൽ രാജസ്ഥാന്‍റെ സ്‌കോർ ബോർഡ് കുതിച്ചുയരും. ബോളിങ് നിരയിൽ ട്രെന്‍റ് ബോൾട്ട്, പ്രസീത് കൃഷ്‌ണ, കുൽദീപ് സെൻ എന്നിവരുടെ പേസ് നിരയും ആർ അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ എന്നിവരടങ്ങുന്ന സ്‌പിൻ നിരയും മുംബൈ ബാറ്റർമാർക്ക് ഏറെ വെല്ലുവിളി ഉയർത്തും.
എട്ട് നിലയിൽ പൊട്ടി മുംബൈ:അതേസമയം ഒന്നും നഷ്‌ടപ്പെടാനില്ലാതെയാണ് മുംബൈ ഇന്നത്തെ മത്സരത്തിനെത്തുന്നത്. എട്ട് കളിയിലും തോൽവി വഴങ്ങിയ മുംബൈ സീസണിൽ നിന്ന് ഏറെക്കുറെ പുറത്തായി കഴിഞ്ഞു. ഇനിയുള്ള ആറ് മത്സരങ്ങളിൽ വിജയിച്ചാലും മുംബൈക്ക് പ്ലേ ഓഫിൽ കടക്കാൻ സാധിക്കില്ല. അതിനാൽ തന്നെ രണ്ടും കൽപ്പിച്ചാകും മുംബൈ നിരയും ഇന്നത്തെ മത്സരത്തിനിറങ്ങുക.
ബാറ്റിങ്ങിലും ബോളിങ്ങിലും തീർത്തും പരാജയമായി മാറിയിരിക്കുകയാണ് ഇത്തവണ മുംബൈ. രോഹിത് ശർമ്മ, ഇഷാൻ കിഷൻ എന്നിവരുടെ ഫോമില്ലായ്‌മ തന്നെയാണ് ടീമിനെ ഏറ്റവുമധികം അലട്ടുന്നത്. പൊള്ളാർഡും ഷോട്ടുകൾ കണ്ടെത്താൻ നന്നേ വിഷമിക്കുന്നുണ്ട്. സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവർ മാത്രമാണ് മുംബൈ നിരയിൽ അൽപമെങ്കിലും സ്ഥിരതയോടെ ബാറ്റ് വീശുന്നത്.
ബാറ്റർമാരെക്കാൾ പരിതാപകരമാണ് മുംബൈയുടെ ബോളിങ് നിരയുടെ അവസ്ഥ. ഒരു കാലത്ത് ഐപിഎല്ലിലെ ഏറ്റവും മികച്ച ബോളിങ്ങ് നിര എന്ന നേട്ടത്തിൽ നിന്ന് സീസണിലെ ഏറ്റവും മോശം ബോളിങ് നിര എന്ന ഖ്യാതിയിലേക്കാണ് മുംബൈ ഇന്ത്യൻസ് പോയിക്കൊണ്ടിരിക്കുന്നത്. തുറുപ്പു ചീട്ടായിരുന്ന ബുംറ പോലും ഇത്തവണ അടികൊള്ളുന്ന അവസ്ഥ. മറ്റ് ബൗളർമാരും ഏറെ നിരാശപ്പെടുത്തുന്നുണ്ട്.
ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 23 റണ്‍സിന്‍റെ മികച്ച വിജയം രാജസ്ഥാൻ സ്വന്തമാക്കിയിരുന്നു. ഇതുവരെ ഇരുവരും 26 മത്സരങ്ങളിലാണ് നേർക്കുനേർ എത്തിയത്. ഇതിൽ 13 തവണ മുംബൈ വിജയം നേടിയപ്പോൾ 12 തവണ രാജസ്ഥാനും വിജയിച്ചു. ഒരു മത്സരം ഫലം കാണാതെ പോയി.