മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. രാത്രി 7.30ന് ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനിറങ്ങുന്ന ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റുള്ള രാജസ്ഥാൻ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുള്ള ഡൽഹി നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഡൽഹിക്ക് താഴെയുള്ള ടീമുകൾക്കെല്ലാം തന്നെ 10 പോയിന്‍റ് ആയതിനാൽ ഡൽഹിക്ക് ഇന്നത്തെ മത്സരം വിജയിച്ചേ തീരൂ.
കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സിനോട് 91റണ്‍സിന്‍റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയതാണ് ഡൽഹിക്ക് തിരിച്ചടിയായത്. ഡേവിഡ് വാർണറെ ആശ്രയിച്ചാണ് നിലവിൽ ഡൽഹിയുടെ ബാറ്റിങ് മുന്നോട്ടുപോകുന്നത്. പനിമൂലം ചികിത്സയിലുള്ള പൃഥ്വി ഷാക്ക് പകരം ശ്രീകർ ഭരത് തന്നെയാകും ഡൽഹിയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.
മധ്യനിരയിൽ റിഷഭ് പന്തും, മിച്ചൽ മാർഷും വാലറ്റത്ത് റോവ്‌മാൻ പവലും, അക്‌സർ പട്ടേലും തകർത്തടിച്ചാൽ മാത്രമേ ഡൽഹിക്ക് മികച്ച സ്‌കോറിലേക്ക് എത്താൻ സാധിക്കുകയുള്ളൂ. ബോളിങ് നിരയും സന്തുലിതമല്ല. ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ഖലീൽ അഹമ്മദ്, ആൻറിച്ച് നോർക്യ എന്നിവരും ഫോമിലേക്കുയരുന്നുണ്ട്.