മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. പഞ്ചാബിന്‍റെ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ രണ്ട് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ഓപ്പണർ യശ്വസി ജെയ്‌സ്വാളാണ് ടീമിനെ അനായാസ ജയത്തിലേക്ക് നയിച്ചത്. വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 7 ജയം ഉൾപ്പെടെ 14 പോയിന്‍റുമായി രാജസ്ഥാൻ പ്ലേ ഓഫ് സാധ്യതകൾ സജ്ജീവമാക്കി.
പഞ്ചാബിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാനവേണ്ടി ഓപ്പണർമാരായ യശ്വസി ജെയ്‌സ്വാളും, ജോസ് ബട്‌ലറും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. എന്നാൽ മൂന്നാം ഓവറിന്‍റെ അവസാന പന്തിൽ ടീം സ്‌കോർ 46ൽ നിൽക്കെ ജോസ് ബട്‌ലർ(30) പുറത്തായി. പിന്നാലെയെത്തിയ നായകൻ സഞ്ജു സാംസണും തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞു. ഇതിനിടെ ടീം സ്‌കോർ 85ൽ നിൽക്കെ സാംസണും(23) പുറത്തായി.
തുടർന്ന് ക്രീസിലെത്തിയ ദേവ്‌ദത്ത് പടിക്കലിനെ കൂട്ട് പിടിച്ച് ജയ്‌സ്വാൾ സ്‌കോർ ഉയർത്തിക്കൊണ്ടിരുന്നു. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. ടീം സ്‌കോർ 141ൽ നിൽക്കെ ജയ്‌സ്വാളിനെ രാജസ്ഥാന് നഷ്‌ടമായി. 41 പന്തിൽ 9 സിക്‌സിന്‍റെയും രണ്ട് ഫോറിന്‍റെയും അകമ്പടിയോടെ 68 റണ്‍സ് നേടിയാണ് താരം പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ ഷിമ്‌റോണ്‍ ഹെറ്റ്മെയർ സ്‌കോറിങ് വേഗത്തിലാക്കി.