മുംബൈ : ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സിന് ആവേശജയം. അവസാന ഓവര്‍ വരെ ആവേശകരമായ മത്സരത്തിൽ മൂന്ന് റണ്‍സിനാണ് രാജസ്ഥാന്‍ ലഖ്‌നൗവിനെ മറികടന്നത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 166 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് എട്ടു വിക്കറ്റ് നഷ്‌ടത്തില്‍ 162 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
സ്കോര്‍: രാജസ്ഥാന്‍ റോയല്‍സ് 165-6 (20), ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് 162-8 (20).
ലഖ്‌നൗവിന് അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് സെന്നിന്‍റെ ആദ്യ പന്തില്‍ ആവേശ് ഖാന്‍ സിംഗിളെടുത്ത് സ്ട്രൈക്ക് മാര്‍ക്ക് സ്റ്റോയ്‌നിസിന് കൈമാറി. തുടർന്നുള്ള മൂന്നു പന്തുകളിൽ സ്റ്റോയ്‌നിസിനെ ക്രീസിൽ തളച്ചിട്ടതാണ് മത്സരഫലം രാജസ്ഥാന് അനുകൂലമാക്കിയത്. അവസാന രണ്ടു പന്തുകളിൽ സ്റ്റോയ്‌നിസ് നേടിയ ഫോറും സിക്‌സും ലഖ്‌നൗ ജയത്തിന് മതിയായില്ല.
166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗവിന്, ട്രെന്‍റ് ബോൾട്ടിന്‍റെ ഇരട്ടപ്രഹരമാണ് തിരിച്ചടിയായത്. ആദ്യ ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെയും കൃഷ്‌ണപ്പ ഗൗതമിനെയും സംപൂജ്യരായി മടക്കി. ബോള്‍ട്ട് ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ നിന്ന് ലഖ്‌നൗവിന് കരകയറാനായില്ല. എട്ട് റൺസെടുത്ത ജേസണ്‍ ഹോള്‍ഡറെ വീഴ്ത്തിയ പ്രസിദ്ധ് കൃഷ്‌ണ മൂന്നാം പ്രഹരമേല്‍പ്പിക്കുമ്പോള്‍ 18 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.