പൂനെ:ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ 5–ാം മത്സരത്തിലും തോൽവി. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 12 റൺസിനാണു തോറ്റത്. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 198 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സ് നേടാനാണ് സാധിച്ചത്.
സ്കോർ: പഞ്ചാബ്: 198–5, (20); മുംബൈ: 186–9 (20).
പഞ്ചാബ് ഉയർത്തിയ വലിയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ തുടക്കം മോശമായിരുന്നെങ്കിലും പിന്നീട് വിജയപ്രതീക്ഷയിലെത്തിയ ശേഷമാണ് കീഴടങ്ങിയത്. പവര്‍പ്ലേയില്‍ തന്നെ മുംബൈക്ക് രണ്ട് വിക്കറ്റ് നഷ്‌ടമായി. 17 പന്തിൽ 3 ഫോറും 2 സിക്‌സുമടക്കം 28 റൺസ് നേടിയ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. കിഷനൊപ്പം 31 റണ്‍സ് കൂട്ടിചേര്‍ത്താണ് രോഹിത് മടങ്ങിയത്. പിന്നാലെ ഇഷാനെ പുറത്താക്കിയ അറോറ മുംബൈയ്‌ക്ക് അടുത്ത പ്രഹരമേൽപ്പിച്ചു.
പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ഡെവാൾഡ് ബ്രെവിസ്– തിലക് വർമ സഖ്യം മുംബൈയെ മത്സരത്തിൽ തിരികെയെത്തിച്ചു. ചാഹറിന്‍റെ ഒരോവറില്‍ തുടര്‍ച്ചയായ നാല് സിക്‌സറുകള്‍ പറത്തിയ ബ്രെവിസ് 'ബേബി ഡിവില്ലിയേഴ്‌സ്' എന്ന വിളിപ്പേരിനോട് കൂറുപുലർത്തി. 32ന് രണ്ടെന്ന നിലയില്‍ നിന്ന് 11 ഓവറില്‍ 116ന് മൂന്ന് എന്ന ശക്തമായ നിലയില്‍ മുംബൈയെ എത്തിച്ച ശേഷമാണ് ബ്രെവിസ് മടങ്ങിയത്. 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു ബ്രേവിസിന്‍റെ ഇന്നിംഗ്‌സ്.