മുംബൈ :ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് ബാറ്റിങ്. ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിജയ് ശങ്കർ, വരുണ്‍ അരോണ്‍ എന്നിവർക്ക് പകരം സായ് സുദർശൻ, ദർശൻ നൽകണ്ടെ എന്നിവർ ഗുജറാത്തിനായി ഇന്ന് അരങ്ങേറും. പഞ്ചാബിൽ ഭാനുക രാജപക്‌സക്ക് പകരം ജോണി ബെയർസ്റ്റോ ടീമിലെത്തി.
ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഗുജറാത്ത് എത്തുമ്പോൾ കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്സ് കളത്തിലിറങ്ങുക. ഏതൊരു വമ്പൻമാരെയും വീഴ്‌ത്താൻ കഴിവുണ്ടെന്ന് ഗുജറാത്ത് ടൈറ്റൻസ് ഇതിനകം തെളിയിച്ചുകഴിഞ്ഞു.
ഓപ്പണിങ് കൂട്ടുകെട്ടിൽ നായകൻ മായങ്ക് അഗർവാളിന്‍റെ ഫോമില്ലായ്‌മ പഞ്ചാബിനെ വലയ്‌ക്കുന്നുണ്ട്. എങ്കിലും ശിഖർ ധവാൻ മികച്ച രീതിയിൽ ബാറ്റ് വീശുന്നത് പഞ്ചാബിന് ഏറെ ആശ്വാസകരമാണ്. ജോണി ബെയർസ്റ്റോ കൂടെ എത്തിയതോടെ പഞ്ചാബിന്‍റെ ബാറ്റിങ് നിര ശക്തമാകും. കാഗിസോ റബാഡ നയിക്കുന്ന ബോളിങ് നിരയും ശക്‌തമാണ്. ഒഡ്‌യൻ സ്‌മിത്ത്, രാഹുൽ ചഹാർ, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരും കളിയുടെ ഗതിമാറ്റാൻ കഴിവുള്ളവരാണ്.