മുംബൈ : ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ജീവന്‍മരണ പോരാട്ടം. വൈകിട്ട് 7.30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മുംബൈയുടെ ജയത്തിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൈയ്യടിക്കുമെന്നുള്ള സവിശേഷതയും ഈ മത്സരത്തിനുണ്ട്. മുംബൈ ഡല്‍ഹിയെ വീഴ്ത്തിയാല്‍ ആര്‍സിബിക്ക് പ്ലേഓഫ് ഉറപ്പാക്കാം.
ജയം ഡല്‍ഹിക്കെങ്കില്‍ ആദ്യ കിരീടമെന്ന മോഹം ഫാഫ് ഡുപ്ലസിക്കും സംഘത്തിനും മാറ്റിവയ്ക്കാം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആശ്വാസജയത്തിനിറങ്ങുന്ന മുംബൈക്ക് നഷ്‌ടപ്പെടാന്‍ ഒന്നുമില്ല. അവസാന രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ഡല്‍ഹിയുടെ വരവ്.
ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാന്‍ പവല്‍, അക്ഷര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂറടക്കം വാലറ്റം വരെ നീളുന്ന ബാറ്റിങ് നിരയുണ്ട് ഡല്‍ഹിക്ക്. പനിബാധിച്ച് വിശ്രമത്തിലുള്ള പൃഥ്വി ഷാ തിരിച്ചെത്തിയില്ലെങ്കില്‍ കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച സര്‍ഫ്രാസ് ഖാന് അവസരം കിട്ടും. ആൻറിച്ച് നോര്‍ഷെയും കുല്‍ദീപ് യാദവും നേതൃത്വം നല്‍കുന്ന ബോളിങ്ങും കരുത്തുറ്റതാണ്.
ALSO READ:IPL 2022: 'ആര്‍സിബിയോടൊപ്പമാണ്; എന്നാല്‍ മുംബൈക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു'- സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം
ഹൈദരാബാദിനോട് തോറ്റാണ് മുംബൈ വരുന്നത്. മുംബൈയെ സംബന്ധിച്ചും പ്രശ്‌നം ബാറ്റിങ്ങാണ്. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് ക്ലിക്കാവുകയും തിലകും ടിം ഡേവിഡും കത്തിക്കയറുകയും ചെയ്‌താല്‍ ഡല്‍ഹി പാടുപെടും. ജസ്പ്രീത് ബുംറയുടെ ന്യൂബോളിലെ പ്രകടനവും നിര്‍ണായകമാവും. ബുമ്രയ്ക്ക് പിന്തുണ നല്‍കുന്ന ബൗളര്‍മാരുടെ അഭാവവുമുണ്ട് ടീമില്‍.