മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 15-ാം സീസണിൽ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. രാജസ്ഥാൻ റോയൽസിനെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയെടുത്തത്. തുടർച്ചയായ എട്ട് മത്സരങ്ങളിലെ തോൽവിക്ക് ശേഷമാണ് മുംബൈ സീസണിലെ ആദ്യ ജയം സ്വന്തമാക്കുന്നത്. രാജസ്ഥാന്‍റെ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ നാല് പന്തുകൾ ബാക്കി നിൽക്കെ വിജയം കുറിക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവാണ് മുംബൈയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നായകൻ രോഹിത് ശർമ്മ(2) രണ്ടാം ഓവറിൽ തന്നെ പുറത്തായി. പിന്നാലെയെത്തിയ സൂര്യകുമാർ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സ്‌കോർ ഉയർത്തി. എന്നാൽ 4-ാം ഓവറിൽ ഇഷാൻ കിഷനും മടങ്ങിയതോടെ മുംബൈ അപകടം മണത്തു.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവ്- തിലക് വർമ സഖ്യം മത്സരത്തെ മുംബൈയുടെ വരുതിയിലേക്ക് കൊണ്ടുവന്നു. 81 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. ടീം സ്‌കോർ 122ൽ നിൽക്കെ സൂര്യകുമാർ യാദവിനെ (51) മുംബൈക്ക് നഷ്‌ടമായി. തൊട്ടടുത്ത ഓവറിൽ തന്നെ തിലക് വർമയും (35) പുറത്തായി.
പിന്നാലെയെത്തിയ പൊള്ളാർഡ്(10) വീണ്ടും നിരാശപ്പെടുത്തിയപ്പോൾ ടിം ഡേവിഡ്(20), ഡാനിയൽ സാംസ്(6) എന്നിവർ ടീമിനെ വിജയത്തിലേക്ക് നയിച്ചു. രാജസ്ഥാനായി ട്രെന്‍റ് ബോൾട്ട്, പ്രസീത് കൃഷ്‌ണ, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് സെൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ ജോസ് ബട്‌ലറിന്‍റെ അർധ സെഞ്ച്വറി മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. വാലറ്റത്ത് തകർത്തടിച്ച അശ്വിനാണ് (9 പന്തിൽ 21) രാജസ്ഥാന്‍റെ സ്‌കോർ 150 കടത്തിയത്. മറ്റ് താരങ്ങൾക്കാർക്കും തന്നെ തിളങ്ങാനായില്ല. മുംബൈക്കായി ഹൃത്വിക് ഷോകീനും, റിലെ മെറിഡിത്തും രണ്ട് വിക്കറ്റ് വീതം നേടി.