മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് 20 റണ്‍സിന്‍റെ തകർപ്പൻ ജയം. ലഖ്‌നൗവിന്‍റെ 154 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 133 റണ്‍സേ നേടാനായുള്ളു. ബോളർമാരുടെ മികച്ച പ്രകടനമാണ് ലഖ്‌നൗവിന് മികച്ച വിജയം സമ്മാനിച്ചത്. ജയത്തോടെ ഒൻപത് മത്സരങ്ങളിൽ നിന്ന് ആറ് വിജയത്തോടെ 12 പോയിന്‍റുമായി ലഖ്‌നൗ മൂന്നാം സ്ഥാനത്തേക്കെത്തി.
ലഖ്‌നൗവിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന്‍റെ ഓപ്പണർമാർ ആക്രമണത്തോടെയാണ് ഇന്നിങ്സ് ആരംഭിച്ചത്. എന്നാൽ നാലാം ഓവറിൽ നായകൻ മായങ്ക് അഗർവാളിനെ(25) പഞ്ചാബിന് നഷ്‌ടമായി. തൊട്ടുപിന്നാലെ ശിഖർ ധവാനും(5) കൂടാരം കയറി. എന്നാൽ പിന്നീട് ക്രീസിലെത്തിയ ജോണി ബെയർസ്റ്റോ നിലയുറപ്പിച്ചതോടെ പഞ്ചാബിന്‍റെ സ്‌കോർ ഉയർന്നു.
എന്നാൽ ഇതിനിടെ ഭാനുക രാജപക്‌സെ(9), ലിയാം ലിവിങ്‌സ്റ്റണ്‍(18), ജിതേഷ് ശർമ്മ(2), എന്നിവർ നിരനിരയായി പുറത്തായത് പഞ്ചാബിന് തിരിച്ചടിയായി. ടീം സ്‌കോർ 100 പിന്നിട്ടതിന് പിന്നാലെ ബെയർസ്റ്റോയേയും(32) പഞ്ചാബിന് നഷ്‌ടമായി. പിന്നാലെയെത്തിയ കാഗിസോ റബാഡ(2), രാഹുൽ ചാഹാർ(4) എന്നിവർക്കും കാര്യമായൊന്നും ചെയ്യാനായില്ല.
ഋഷി ധവാൻ(21), അർഷദീപ് സിങ് എന്നിവർ പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മൊഹ്‌സിൻ ഖാന്‍റെ പ്രകടനമാണ് ലഖ്‌നൗവിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ദുഷ്‌മന്ത ചമീര, ക്രുണാൽ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ രവി ബിഷ്‌ണോയ് ഒരു വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ ക്വിന്‍റൻ ഡി കോക്ക്(46), ദീപക് ഹൂഡ(34) എന്നിവരുടെ ബാറ്റിങ് മികവിലാണ് പൊരുതാവുന്ന സ്‌കോർ കണ്ടെത്തിയത്. നാല് വിക്കറ്റ് വീഴ്‌ത്തിയ കാഗിസോ റബാഡയുടെ പ്രകടനമാണ് ലഖ്‌നൗവിനെ പിടിച്ചുകെട്ടുന്നതിൽ നിർണായകമായത്.