മുംബൈ : ഐപിഎല്ലില്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ അവിശ്വസനീയ വെടിക്കെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റൺമല തീർത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. കൊൽക്കത്തക്കെതിരെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ 20 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 210 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ ഡികോക്ക് 70 പന്തില്‍ 140 ഉം രാഹുല്‍ 51 പന്തില്‍ 68 ഉം റണ്‍സുമായി പുറത്താകാതെ നിന്നു.
ഗംഭീര തുടക്കമാണ് കെ എല്‍ രാഹുലും ക്വിന്‍റണ്‍ ഡികോക്കും ലഖ്‌നൗവിന് നല്‍കിയത്. മൂന്നാം ഓവറില്‍ 12 റണ്‍സില്‍ നില്‍ക്കെ വീണുകിട്ടിയ അവസരം മുതലാക്കി അടി തുടങ്ങിയത് ഡികോക്കാണ്. പിന്നാലെ രാഹുലും വെടിക്കെട്ടിന് തിരികൊളുത്തിയതോടെ കൊൽക്കത്ത ബോളർമാർ വിയർത്തു.
ഡികോക്ക് 34 പന്തിലും രാഹുല്‍ പന്തിലും ഫിഫ്റ്റി തികച്ചതോടെ ലഖ്‌നൗ 13 ഓവറില്‍ 100 കടന്നു. 15 ഓവറില്‍ 122-0 ആയിരുന്നു ടീം സ്‌കോര്‍. ഫിഫ്റ്റിക്ക് പിന്നാലെ ചക്രവര്‍ത്തിയെ 16-ാം ഓവറില്‍ 18 റണ്‍സടിച്ച് ഡികോക്ക് ആളിക്കത്തി.
18-ാം ഓവറിലെ ആദ്യ പന്തിലാണ് ടീം സ്‌കോര്‍ 150 തികഞ്ഞത്. ഇതേ ഓവറില്‍ ഡികോക്ക് തന്‍റെ 59-ാം പന്തില്‍ സെഞ്ചുറിയിലെത്തി. പിന്നാലെ ഡികോക്ക് സിക്‌സര്‍ മഴ പെയ്യിച്ചു. റസലിന്‍റെ 18-ാം ഓവറില്‍ 15 ഉം സൗത്തിയുടെ 19-ാം ഓവറില്‍ നാല് സിക്‌സ് സഹിതം 27 ഉം റണ്‍സ് അടിച്ചുകൂട്ടി. അവസാന ഓവര്‍ റസല്‍ എറിയാന്‍ വന്നപ്പോള്‍ മൂന്നാം പന്തില്‍ സ്‌കോര്‍ 200 കടന്നു. ഈ ഓവറില്‍ 19 റണ്‍സ് നേടി ലഖ്‌നൗ 210ല്‍ എത്തുകയായിരുന്നു.
ഇരുവരുടെയും ബാറ്റിൽനിന്ന് മൊത്തം പിറന്നത് 27 ബൗണ്ടറികൾ, 14 സിക്‌സും, 13 ഫോറും. ഇതിൽ പത്തെണ്ണവും പിറന്നത് ഡികോക്കിന്‍റെ ബാറ്റിൽനിന്ന്. അവസാന മൂന്ന് ഓവറിൽ 61 റൺസാണ് ഇരുവരും കൂടി അടിച്ചെടുത്തത്.