പൂനെ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോർ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 176 റണ്‍സ് നേടി. അർധ സെഞ്ച്വറി നേടിയ ഓപ്പണർ ക്വിന്‍റ്ണ്‍ ഡി കോക്കും 41 റണ്‍സ് നേടിയ ദീപക് ഹൂഡയുമാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് നായകൻ കെ.എൽ രാഹുലിനെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ റണ്‍ഔട്ടിലൂടെ നഷ്‌ടമായി. പിന്നാലെയെത്തിയ ദീപക് ഹൂഡയും ഡികോക്കും ചേർന്ന് സ്‌കോർ വളരെ വേഗം ഉയർത്തി. ടീം സ്‌കോർ 73ൽ നിൽക്കെ ഡികോക്കിനെ(50) ലഖ്‌നൗവിന് നഷ്ടമായി. തുടർന്നെത്തിയ ക്രുനാൽ പാണ്ഡ്യയും ഹൂഡയും ചേർന്ന് ടീം സ്‌കോർ 100 കടത്തി.
പിന്നാലെ ദീപക് ഹൂഡ(41), ക്രുണാൽ പാണ്ഡ്യ(25) എന്നിവരുടെ വിക്കറ്റുകളും ലഖ്‌നൗവിന് നഷ്ടമായി. തുടർന്നെത്തിയ ആയുഷ് ബധോനി- മാർക്കസ് സ്റ്റോയിൻസ് സഖ്യം സ്‌കോർ ഉയർത്തി. ശിവം മാവി എറിഞ്ഞ 18-ാം ഓവറിൽ മൂന്ന് സിക്‌സ് തുടരെ പറത്തി സ്റ്റോയിൻസ് ഉഗ്രരൂപം കാട്ടിയെങ്കിലും അടുത്ത പന്തിൽ പുറത്തായി. 14 പന്തിൽ 28 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
ALSO READ:IPL 2022: മിന്നിത്തിളങ്ങി ജെയ്‌സ്വാൾ; പഞ്ചാബിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം
തുടർന്നെത്തിയ ഹോൾഡർ അടുത്ത രണ്ട് പന്ത് കൂടി സിക്‌സിന് പറത്തി. ശിവം മാവിയുടെ ഈ ഓവറിൽ 30 റണ്‍സാണ് ലഖ്‌നൗ അടിച്ച് കൂട്ടിയത്. അവസാന ഓവറിൽ ഹോൾഡർ(13) ക്യാച്ച് നൽകി പുറത്തായി. ആയുഷ് ബധോനി 15 റണ്‍സുമായി പുറത്താകാതെ നിന്നു. കൊൽക്കത്തക്കായി ആന്ദ്രേ റസൽ രണ്ട് വിക്കറ്റ് നേടിയപ്പോൾ ടീം സൗത്തി, ശിവം മാവി, സുനിൽ നരെയ്‌ൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.