പൂനെ:ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 178 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 177 റണ്‍സെടുത്തത്. 28 പന്തിൽ പുറത്താകാതെ 49 റൺസെടുത്ത ആന്ദ്രെ റസൽ, സാം ബില്ലിങ്സ് (29 പന്തിൽ 34), എന്നിവരുടെ മികവിലാണ് കൊൽക്കത്ത ഭേദപ്പെട്ട സ്കോറിലെത്തിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്ക് രണ്ടാം ഓവറില്‍ തന്നെ ആറു റൺസെടുത്ത ഓപ്പണര്‍ വെങ്കടേഷ് അയ്യരെ നഷ്‌ടമായി. രണ്ടാം വിക്കറ്റിൽ ഓപ്പണർ അജിൻക്യ രഹാനെയും (24 പന്തിൽ 28), നിതീഷ് റാണയും (16 പന്തിൽ 26) ചേർന്ന് 48 റൺസ് കൂട്ടിചേർത്തു. എട്ടാം ഓവറിൽ റാണയെ പുറത്താക്കി ഉമ്രാൻ മാലിക്കാണ് കൂട്ടുകെട്ട് പൊളിച്ചത്. അതേ ഓവറിൽ തന്നെ രഹാനെയുടെ വിക്കറ്റും ഉമ്രാൻ വീഴ്ത്തി. ക്യാപ്റ്റൻ ശ്രേയസ് അയ്യരും (9 പന്തിൽ 15) നിരാശപ്പെടുത്തി.