മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റിന്‍റെ തകർപ്പൻ ജയം. രാജസ്ഥാന്‍റെ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത അഞ്ച് പന്തുകൾ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ മറികടക്കുകയായിരുന്നു. നിതീഷ് റാണ, റിങ്കു സിങ്, നായകൻ ശ്രേയസ് അയ്യർ എന്നിവരുടെ പ്രകടനമാണ് കൊൽക്കത്തയെ വിജയത്തിലേക്ക് നയിച്ചത്.
രാജസ്ഥാന്‍റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത തകർച്ചയോടെയാണ് തുടങ്ങിയത്. മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ആരോണ്‍ ഫിഞ്ചിനെ (4) അവർക്ക് നഷ്‌ടമായി. തൊട്ടുപിന്നാലെ ബാബ ഇന്ദ്രജിത്തും (15) പുറത്തായി. എന്നാൽ പിന്നാലെയെത്തിയ നായകൻ ശ്രേയസ് അയ്യരും നിതീഷ് റാണയും ചേർന്ന് ടീമിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചു.
ഇതിനിടെ ശ്രേയസ് അയ്യർ (34) പുറത്തായി. എന്നാൽ തുടർന്നെത്തിയ റിങ്കു സിങ് റാണയ്‌ക്കൊപ്പം നിന്ന് ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. നിതീഷ് റാണ (48), റിങ്കു സിങ് (42) എന്നിവർ പുറത്താകാതെ നിന്നു. രാജസ്ഥാനായി ട്രെന്‍റ് ബോൾട്ട്, പ്രസീദ് കൃഷ്‌ണ, കുൽദീപ് സെൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ നായകൻ സഞ്ജു സാംസന്‍റെ (54) ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് പൊരുതാവുന്ന സ്‌കോർ കണ്ടെത്തിയത്. ജോസ് ബട്‌ലർ (22), ഷിംറോണ്‍ ഹെറ്റ്മെയർ (27) എന്നിവരും ടീമിന് മോശമല്ലാത്ത സംഭാവന നൽകി. കൊൽക്കത്തയ്‌ക്കായി ടിം സൗത്തി രണ്ട് വിക്കറ്റും, ഉമേഷ് യാദവ്, അൻകുൽ റോയ്, ശിവം മാവി എന്നിവർ ഓരോ വിക്കറ്റും നേടി.
തുടർച്ചയായ അഞ്ച് പരാജയങ്ങൾക്ക് ശേഷമാണ് കൊൽക്കത്ത രാജസ്ഥാനെതിരെ വിജയം നേടിയത്. വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്‍റുമായി ഏഴാം സ്ഥാനത്തേക്ക് കയറിയ കൊൽക്കത്ത പ്ലേഓഫ് സാധ്യത സജീവമാക്കി. 10 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള രാജസ്ഥാൻ മൂന്നാം സ്ഥാനത്തുതന്നെ തുടരുന്നു.