മുംബൈ:ആദ്യം ഉമേഷിന്‍റെ തകർപ്പൻ ബൗളിങ്, പിന്നെ റസലിന്‍റെ വെടിക്കെട്ട്.ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകർപ്പൻ ജയം. പഞ്ചാബിന്‍റെ 138 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 15 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ആന്ദ്രേ റസലിന്‍റെ (31 ബോളിൽ 70 റൺസ്) തകർപ്പൻ ബാറ്റിങ്ങിന്‍റെ പിൻബലത്തിലാണ് കൊൽക്കത്ത വിജയം സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ അജിങ്ക്യ രഹാനെയും (12) വെങ്കിടേഷ് അയ്യരും (3) പെട്ടന്ന് തന്നെ മടങ്ങി. പിന്നാലെയെത്തിയ ശ്രേയസ് അയ്യർ (26) കുറച്ചു നേരം പിടിച്ചു നിന്ന് സ്‌കോർ ഉയർത്തി. എന്നാൽ ടീം സ്‌കോർ 51ൽ നിൽക്കെ ശ്രേയസ് മടങ്ങി.
പിന്നാലെയെത്തിയ നിതീഷ് റാണ (0) അക്കൗണ്ട് തുറക്കും മുന്നേ കൂടാരം കയറി. ഇതോടെ 7 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 51 എന്ന നിലയിൽ തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു കൊൽക്കത്ത. എന്നാൽ പിന്നീടാണ് റസ്സലിന്‍റെ ആറാട്ടിന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. തുടർന്ന് ക്രീസിൽ ഒന്നിച്ച റസൽ സാം ബില്ലിങ്സിനെ (24) കൂട്ടുപിടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചു.