അഹമ്മദാബാദ് : ഐപിഎൽ 15-ാം സീസണിന്‍റെ കലാശപ്പോരാട്ടത്തിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ തിരിതെളിയുന്നു. യുവനായകൻമാരായ സഞ്ജു സാംസണും ഹാര്‍ദിക് പാണ്ഡ്യയും മുഖാമുഖം. നിരന്തരം വിമർശനങ്ങൾ കൊണ്ട് തന്നെ വേട്ടയാടിയവർക്കും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതെ അവഗണിച്ചവർക്കും മറുപടിയെന്നോണമായിരിന്നു സഞ്ജുവിന്‍റെ ഫൈനൽ പ്രവേശനമെങ്കിൽ 'അഹങ്കാരി' എന്ന് മുദ്രകുത്തപ്പെട്ട് ഒടുവിൽ ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ടവനായിട്ടാണ് ഹാർദിക് എത്തിയത്.
ഐപിഎല്ലിലെ കറുത്ത കുതിരകളായ ഗുജറാത്ത് ടൈറ്റൻസിന്‍റെ മാത്രമല്ല നായകൻ ഹാർദിക് പാണ്ഡ്യയുടെ ഉയിർത്തെഴുന്നേൽപ്പിന് കൂടിയാണ് ഫൈനൽ മത്സരം സാക്ഷിയായത്. ആരാധകരാലും ക്രിക്കറ്റ് വിദഗ്‌ധരാലും അഹങ്കാരി എന്ന പേര് ചാർത്തപ്പെട്ട് ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട്, ഇനി ഒരു തിരിച്ചു വരവില്ലെന്ന് വിധിയെഴുതപ്പെട്ട അതേ ഹാർദിക് പാണ്ഡ്യ. കളിയാരാധകരാരും കൂടുതൽ കിരീടസാധ്യത കൽപ്പിക്കപ്പെടാതിരുന്ന ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ചത് ഹാർദിക്. ഐപിഎല്ലിന്‍റെ വമ്പൻ പോരാട്ടത്തിന്‍റെ കലാശപ്പോരാട്ടത്തിൽ കേമനായതോടൊപ്പം കളിച്ച അഞ്ചാമത് ഫൈനലിലും ജേതാവായ ആ അഹങ്കാരിയുടെ തിരിച്ചുവരവിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല.
പരിക്കിൽ നിന്ന് മോചിതനായ ഹാര്‍ദിക്കിന് ഒരു ഓൾറൗണ്ടറെന്ന നിലയിൽ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്ത് കളത്തിലേക്ക് തിരിച്ചെത്താനാകില്ലെന്ന നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്‌ടമാകുന്നത്. പിന്നാലെ ഈ സീസണിന്‍റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസ് നിലനിർത്തിയ താരങ്ങളിൽ പാണ്ഡ്യയുണ്ടായിരുന്നില്ല. ഒരേ സമയം ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങാനാകാത്തതാകാം മുംബൈ താരത്തെ തഴഞ്ഞതിന്‍റെ പ്രധാനകാരണങ്ങളിലൊന്ന്.