പൂനെ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിന് 14 റണ്‍സിന്‍റെ ജയം. ഹർദ്ദിക് പാണ്ഡ്യക്ക് കീഴിലിറങ്ങുന്ന നവാഗതരായ ഗുജറാത്തിന്‍റെ തുടർച്ചയായ രണ്ടാം ജയമാണിത്. ശുഭ്‌മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 172 റണ്‍സിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 157 റണ്‍സില്‍ അവസാനിച്ചു.
സ്കോര്‍; ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 171-6, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 157-9.
നാലു വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസനും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ഡല്‍ഹിയെ തകർത്തത്. രണ്ട് മത്സരങ്ങളില്‍ ഗുജറാത്തിന്‍റെ രണ്ടാം ജയവും ഡല്‍ഹിയുടെ ആദ്യ തോല്‍വിയുമാണിത്.
172 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. 32 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റർമാർ പുറത്തായി. മൂന്ന് റണ്‍സെടുത്ത ടിം സൈഫര്‍ട്ടിനെ ഹാര്‍ദ്ദിക് പാണ്ഡ്യയും 10 റണ്‍സെടുത്ത പൃഥ്വി ഷായെയും 18 റണ്‍സ് നേടിയ മന്‍ദീപിനെയും ലോക്കി ഫെര്‍ഗൂസനും പുറത്താക്കി.
പിന്നീട് ക്രീസിലൊന്നിച്ച ലളിത് യാദവും നായകന്‍ ഋഷഭ് പന്തും ചേർന്ന് ഡൽഹി സ്‌കോർബോർഡ് ചലിപ്പിച്ചു. നാലാം വിക്കറ്റില്‍ ഇരുവരും 61 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ലളിത് യാദവിനെ റണ്‍ ഔട്ടാക്കിയ അഭിനവ് ഡല്‍ഹിയെ പ്രതിരോധത്തിലാക്കി.
പിന്നാലെ ടീമിന്‍റെ ഏക പ്രതീക്ഷയായിരുന്ന ഋഷഭ് പന്തും പുറത്തായി. ലോക്കിയുടെ ഷോട്ട് ബോളില്‍ അലക്ഷ്യമായി ബാറ്റുവെച്ച പന്തിനെ അഭിനവ് മനോഹര്‍ മനോഹരമായി കൈയിലൊതുക്കി. 29 പന്തില്‍ 43 റൺസായിരുന്നു സമ്പാദ്യം.
ALSO READ:IPL 2022 | സീസണിലെ ആദ്യ സെഞ്ച്വറിക്കൊപ്പം ബട്‌ലര്‍ക്ക് മറ്റൊരു റെക്കോഡ്
തുടർന്ന ക്രീസിലെത്തിയ അക്ഷർ പട്ടേല്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടി വിറപ്പിച്ചെങ്കിലും അധികനേരം പിടിച്ച് നിൽക്കാനായില്ല. ലോക്കിയുടെ മൂന്നാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്‌ഡിന് ക്യാച്ച് നല്‍കി അക്ഷർ മടങ്ങി. തൊട്ടടുത്ത ഓവറിൽ വമ്പന്‍ അടിയ്ക്ക് പേരുകേട്ട ശാര്‍ദ്ദുല്‍ ഠാക്കൂർ രണ്ട് റൺസുമായി റാഷിദ് ഖാനു മുന്നിൽ കീഴടങ്ങി.
ഡൽഹിയുടെ അവസാന പ്രതീക്ഷയായിരുന്ന റൊവ്‌മാന്‍ പവലിനെ (11 പന്തില്‍ 20 റൺസ്) 18-ാം ഓവറില്‍ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. 14 റണ്‍സെടുത്ത് കുല്‍ദീപ് യാദവും 3 റണ്‍സുമായി മുസ്‌തഫിസുറും പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 171 റണ്‍സ് നേടിയത്. അര്‍ധ സെഞ്ച്വറി നേടിയ ശുഭ്‌മാന്‍ ഗില്ലാണ് ഗുജറാത്തിന്‍റെ ഇന്നിങ്സിന് നെടുംതൂണായത്. 46 പന്തില്‍ ആറ് ഫോറിന്‍റേയും നാല് സിക്‌സിന്‍റേയും അകമ്പടിയോടെ 84 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഗുജറാത്തിനായി മുസ്‌തഫിസുര്‍ റഹ്മാന്‍ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഖലീല്‍ അഹമ്മദ് രണ്ടും, കുല്‍ദീപ് യാദവ് ഒരുവിക്കറ്റും നേടി.