പൂനെ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്ങ്‌സിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി ആരാധകരെ രസിപ്പിച്ചിരിക്കുകയാണ് ഡെവാള്‍ഡ് ബ്രെവിസ്. 'ബേബി ഡിവില്ലിയേഴ്‌സ്' എന്ന വിളിപ്പേരിലറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ യുവതാരം എന്തുകൊണ്ടും ആ പേരിന് താൻ അർഹനാണെന്ന് അരക്കിട്ടുറപ്പിക്കുന്ന തരത്തിലായിരുന്നു ബാറ്റിങ്ങ്. തന്‍റെ ആരാധനാപാത്രവും നാട്ടുകാരനുമായ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സിന്‍റെ പിന്‍ഗാമിയാവാന്‍ സാധിക്കുമെന്നും ഈ ഇന്നിങ്‌സിലൂടെ തെളിയിച്ചിരിയ്‌ക്കുകയാണ് യുവതാരം.
മുംബൈ ഇന്നിങ്‌സിലെ ഒന്‍പതാം ഓവറിലായിരുന്നു ബ്രെവിസിന്‍റെ ആറാട്ട്. രാഹുല്‍ ചാഹറിനായിരുന്നു തല്ലേറ്റുവാങ്ങാനുള്ള ദുര്യോഗം. 29 റണ്‍സാണ് ചാഹര്‍ ആ ഓവറില്‍ വഴങ്ങിയത്. ആദ്യ പന്തിൽ സിംഗിളെടുത്ത തിലക് സ്‌ട്രൈക്ക് ബ്രെവിസിന് കെെമാറി. പിന്നീടാണ് വെടിക്കെട്ടിന് തീരികൊളുത്തിയത്. തുടര്‍ച്ചയായ നാല് സിക്‌സറുകള്‍, അതിലൊന്ന് പതിച്ചത് 112 മീറ്റര്‍ ദൂരെ. ഈ സീസണിലെ ഏറ്റവും ദൂരമേറിയ സിക്‌സറായിരുന്നുവത്. ലിയാം ലിവിംഗ്‌സ്‌റ്റണിന്‍റെ 108 മീറ്ററാണ് താരത്തെ സാക്ഷിയാക്കി ബ്രെവിസ് മറികടന്നത്.