മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നത്തെ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് ബാറ്റിങ്. ടോസ് നേടിയ ഡൽഹി നായകൻ റിഷഭ് പന്ത് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരുവരും കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്.
വിജയത്തോടെ പോയിന്‍റ് പട്ടികയിൽ മുന്നേറാനാകും ഇരുകൂട്ടരുടേയും ശ്രമം. ആറ് മത്സരങ്ങളിൽ നിന്ന് നാല് വിജയവും രണ്ട് തോൽവിയുമുൾപ്പെടെ എട്ട് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് മൂന്ന് വീതം തോൽവിയും ജയവും ഉൾപ്പെടെ ആറ് പോയിന്‍റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് ഡൽഹി ക്യാപ്പിറ്റൽസ്.
ബാറ്റിങ് നിരയിൽ ജോസ് ബട്‌ലർ തന്നെയാണ് രാജസ്ഥാൻ റോയൽസിന്‍റെ തുറുപ്പു ചീട്ട്. കൂടാതെ നായകൻ സഞ്ജു സാംസണും ഹെറ്റ്‌മെയറും മോശമല്ലാത്ത രീതിയിൽ ബാറ്റ് വീശുന്നുണ്ട്. ബൗളർമാരിൽ യുസ്‌വേന്ദ്ര ചഹലാണ് രാജസ്ഥാന്‍റെ കരുത്ത്. ട്രെന്‍റ് ബോൾട്ടും, നവ്‌ദീപ് സെയ്‌നിയും, ആർ അശ്വിനും മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്.