മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. വൈകിട്ട് 3.30ന് വാങ്ക്‌ഡെ സ്റ്റേഡിയത്തിലാണ് മത്സരം. വിജയത്തോടെ ആദ്യ നാലിലെ സ്ഥാനം ഒന്നുകൂടെ ഉറപ്പിക്കാൻ മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗ ശ്രമിക്കുമ്പോൾ ആറാം സ്ഥാനത്തുള്ള ഡൽഹിയെ സംബന്ധിച്ച് പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ഇന്നത്തെ മത്സരം അനിവാര്യമാണ്.
ഹാട്രിക് ജയം ലക്ഷ്യമിട്ടാണ് ലഖ്‌നൗ ഇന്ന് ഡൽഹിക്കെതിരെ ഇറങ്ങുന്നത്. ഓപ്പണർമാരായ ക്വിന്‍റൻ ഡി കോക്കും, കെ എൽ രാഹുലും മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. ഓപ്പണിങ് സഖ്യത്തെ വീഴ്‌ത്താൻ സാധിച്ചില്ലെങ്കിൽ മത്സരം പിടിച്ചെടുക്കാൻ ഡൽഹി കഷ്‌ടപ്പെടേണ്ടി വരും. കൂടാതെ ദീപക് ഹൂഡയും, ക്രുണാൽ പാണ്ഡ്യയും, മാർക്കസ് സ്റ്റോയിൻസും തകർത്തടിച്ചാൽ ലക്‌നൗ മികച്ച സ്‌കോറിലേക്ക് എത്തും.
ബോളിങ് നിരയിൽ പേസർമാരായ ആവേശ് ഖാനും, ജേസൻ ഹോൾഡറും, ഋഷി ധവാനും മികച്ച രീതിയിൽ തന്നെ പന്തെറിയുന്നുണ്ട്. കൂടാതെ സ്‌പിൻ നിരയിൽ ക്രുണാൽ പാണ്ഡ്യയും, രവി ബിഷ്‌ണോയും ചേരുന്നതോടെ ലഖ്‌നൗവിന്‍റെ ബോളിങ് നിര കൂടുതൽ ശക്‌തമാകും.
മറുവശത്ത് പൃഥി ഷാ- ഡേവിഡ് വാർണർ ഓപ്പണിങ് കൂട്ടുകെട്ടാണ് ഡൽഹി നിരയുടെ ബാറ്റിങ് കരുത്ത്. മധ്യനിരയിൽ ലളിത് യാദവും നായകൻ റിഷഭ് പന്തും വാലറ്റത്ത് വമ്പനടികളുമായി റോവ്‌മാൻ പവലും, അക്‌സർ പട്ടേലും ചേരുന്നതോടെ ഡൽഹി ബാറ്റിങ് നിര കൂടുതൽ ശക്‌തമാകും.
ബോളിങ് നിരയിൽ കഴിഞ്ഞ മത്സരത്തിൽ പരിക്കുമൂലം പുറത്തിരിക്കേണ്ടി വന്ന ഖലീൽ അഹമ്മദ് തിരിച്ചെത്തുമോ എന്നതാണ് ആരാധകർ ഉറ്റ് നോക്കുന്നത്. ഖലീലിന് കളിക്കാനായില്ലെങ്കിൽ പോലും മുഷ്‌തഫിസുർ റഹ്‌മാൻ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ലളിത് യാദവ് തുടങ്ങിയവരും മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്.