നവി മുംബൈ: ഐ.പി.എല്ലിൽ ഇന്ന് പുതുമുഖക്കാരായ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ഡൽഹി ക്യാപിറ്റൽസുമായി ഏറ്റുമുട്ടും. മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ട ഡൽഹിക്ക് വിജയവഴിയിൽ തിരിച്ചെത്തണം. ആദ്യ മത്സരങ്ങളിൽ ഇല്ലാതിരുന്ന ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറും ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച് നോർഷെയും ഇന്ന് ഡൽഹി നിരയിൽ ഇറങ്ങാൻ സാധ്യത.
ഡൽഹിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് വാര്‍ണറുടെ വരവ്. ഇന്ന് കളത്തിലിറങ്ങിയാൽ ഡൽഹി ജഴ്‌സിയിൽ വാര്‍ണറുടെ രണ്ടാം അരങ്ങേറ്റമായിരിക്കുമത്. നേരത്തേ ഡല്‍ഹിക്കൊപ്പമായിരുന്നു താരം ഐപിഎല്‍ കരിയര്‍ തുടങ്ങിയത്. പിന്നീട് ദീര്‍ഘകാലം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു.
വാര്‍ണറും പൃഥ്വി ഷായുമായിരിക്കും ലഖ്‌നൗവിനെതിരെ ഡിസിക്കായി ഓപ്പണ്‍ ചെയ്യുക. ക്യാപ്റ്റൻ റിഷഭ് പന്തും പൃഥ്വിഷായും ഒപ്പം ലളിത് യാദവും ചേരുമ്പോൾ ബാറ്റിങിൽ ആശങ്കയില്ല. നോർഷെയും മുസ്‌തഫിസുർ റഹ്മാനും അവസരത്തിനൊത്ത് ഉയർന്നാൽ ബൗളിങ്ങും ശക്തം.
മറുവശത്ത് രണ്ട് മത്സരങ്ങൾ തുടർച്ചയായി ജയിച്ചാണ് ലഖ്‌നൗ എത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ നിരശപ്പെടുത്തിയ നായകൻ രാഹുൽ ഹൈദരാബാദിനെതിരായ മത്സരത്തിൽ ഫോം കണ്ടെത്തിയത് ലഖ്‌നൗവിന് പ്രതീക്ഷയേകുന്നു.ഫോമിലുള്ള ഡികോക്കും രാഹുലിനൊപ്പം ചേരുമ്പോൾ ഓപ്പണിങ്ങ് ശക്‌തമാകും. എവിൻ ലൂയിസും ദീപക് ഹൂഡയും റൺസ് നേടുന്നു.
ALSO READ:IPL 2022 | തീപ്പൊരി ബാറ്റിങ്ങുമായി കമ്മിൻസ്; ത്രില്ലര്‍ പോരിൽ മുംബൈയെ തകർത്തെറിഞ്ഞ് കൊൽക്കത്ത
കൂടാതെ ഇതുവരെ അമ്പരപ്പിച്ച ആയുഷ് ബദോനിയെന്ന യുവതാരത്തിന്‍റെ സാന്നിധ്യം കൂടിയാകുമ്പോൾ ആഴമേറിയതാകുന്നു ലഖ്‌നൗ ബാറ്റിങ്. പരിചയസമ്പന്നനായ വിദേശ പേസറുടെ അസാന്നിധ്യം പ്രകടമാണ്. ആവേശ് ഖാനിലാണ് പ്രതീക്ഷ. കറക്കി വീഴത്താൻ രവി ബിഷ്ണോയിയും.
ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഈ സീസണില്‍ ഇതുവരെ നടന്ന നാലു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ടീമും രണ്ടെണ്ണത്തില്‍ രണ്ടാമത് ബാറ്റ് ചെയ്‌ത ടീമും ജയം നേടി. അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ മഞ്ഞുവീഴ്‌ച അത്ര വലിയ ഘടകമായിരുന്നില്ല. എങ്കിലും ഡല്‍ഹി- ലഖ്‌നൗ പോരാട്ടത്തില്‍ ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍ ബോളിങ് തന്നെ തിരഞ്ഞെടുക്കാനാണ് സാധ്യത.