പൂനെ: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാമത്തെ മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. രാത്രി 7.30ന് പൂനെയിലാണ് മത്സരം. എംഎസ് ധോണി വീണ്ടും ചെന്നൈ സൂപ്പർ കിങ്സിന്‍റെ നായകനായി എത്തുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകത.
ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകേണ്ടി വരും. മറുവശത്ത് ജയത്തോടെ ആദ്യ നാലിലെ സ്ഥാനം ഉറപ്പിക്കാനാണ് സണ്‍റൈസേഴ്‌സിന്‍റെ ശ്രമം. സീസണിലെ എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമാണ് ചെന്നൈ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. അതിനാൽ തന്നെ ഇനിയുള്ള ഒരു മത്സരം പരാജയപ്പെട്ടാൽ പോലും ചെന്നൈക്ക് മടങ്ങിവരവ് അസാധ്യമാകും. ബാറ്റിങ് നിരയിൽ റോബിൻ ഉത്തപ്പയുടേയും അമ്പാട്ടി റായ്‌ഡുവിന്‍റെയും മികച്ച ഫോമാണ് ചെന്നൈയുടെ കരുത്ത്. കൂടാതെ ശിവം ദുബെയും, രവീന്ദ്ര ജഡേജയും, ധോണിയും തകർത്തടിച്ചാൽ സണ്‍റൈസേഴ്‌സ് ബൗളർമാർ വിയർക്കും.
മുകേഷ് ചൗദരി, മഹീഷ് തീക്ഷ്‌ണ, ഡ്വയ്‌ൻ ബ്രാവോ, ഡ്വയ്‌ൻ പ്രെട്ടോറിയസ് എന്നിവർ മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെങ്കിലും സ്ഥിരതയില്ലായ്‌മയാണ് ചെന്നൈ ബൗളിങ് നിരയുടെ പ്രശ്‌നം. സ്‌പിൻ നിരയിൽ രവീന്ദ്ര ജഡേജയുടെ പ്രകടനവും ടീമിന് നിർണായകമാകും.
അതേസമയം ആദ്യത്തെ മത്സരങ്ങളിലെ തകർച്ചയ്‌ക്ക് ശേഷം മികച്ച പ്രകടനത്തോടെ പോയിന്‍റ് ടേബിളിൽ നാലാം സ്ഥാനത്തേക്കെത്താൻ സണ്‍റൈസേഴ്‌സിനായിട്ടുണ്ട്. നായകൻ കെയ്‌ൻ വില്യംസണ്‍ തന്നെയാണ് സണ്‍റൈസേഴ്‌സിന്‍റെ തുറുപ്പ് ചീട്ട്. രാഹുൽ ത്രിപാഠി, എയ്‌ഡൻ മർക്രം, നിക്കോളാസ് പുരാൻ എന്നിവർ കൂടി ഫോമായാൽ ചെന്നൈ ബൗളർമാർ കഷ്‌ടപ്പെടും.
ബൗളിങ് നിരയിൽ ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്, ടി നടരാജൻ എന്നിവർ മികച്ച പ്രകടനം തന്നെ കാഴ്‌ചവെക്കുന്നുണ്ട്. സ്‌പിൻ നിരയിൽ വാഷിങ്ടണ്‍ സുന്ദർ, ജെ സുചിത് എന്നിവരും മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്. ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സണ്‍റൈസേഴ്‌സ് എട്ട് വിക്കറ്റിന്‍റെ മികച്ച വിജയം സ്വന്തമാക്കിയിരുന്നു.