മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുക.
ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെ വീഴ്ത്തുകയും പിന്നീട് കൊൽക്കത്തയ്ക്ക് മുന്നിൽ അടിതെറ്റുകയും ചെയ്‌ത പഞ്ചാബും വിജയവഴിയിൽ തിരിച്ചെത്താന്‍ മോഹിക്കും. മുൻനിര ബാറ്റർമാർ മികവുകാട്ടാതെ പഞ്ചാബിന് രക്ഷയില്ല. രാഹുല്‍ ചഹറിനും കാഗിസോ റബാഡയ്ക്കും ബൗളിംഗ് നിരയിൽ പിന്തുണ കിട്ടേണ്ടതും അനിവാര്യമാണ്.
മറുവശത്ത് തുടർച്ചയായ രണ്ട് തോൽവികൾക്കൾക്ക് പുറമെ ടീമിന്‍റെ നിയന്ത്രണം എം എസ് ധോണിക്കോ രവീന്ദ്ര ജഡേജയ്ക്കോ എന്ന ചോദ്യങ്ങൾ ഉയരുന്നതും ചെന്നൈ ആരാധകര്‍ക്കിടയിൽ ചര്‍ച്ചയാണ്. മഞ്ഞുവീഴ്‌ച കാരണം പിച്ച് സ്‌പിന്നര്‍മാരെ തുണയ്‌ക്കാത്തതും ദീപക് ചാഹറിന് പരിക്കേറ്റതോടെ യുവ പേസര്‍മാരെ ആശ്രയിക്കേണ്ടിവരുന്നതുമാണ് ചെന്നൈയുടെ പ്രധാന പ്രശ്‌നം.
ALSO READ:IPL 2022 | ഡൽഹിക്ക് 'ലോക്കി'ട്ട് ഗുജറാത്ത്; ടൈറ്റൻസിന് തുടർച്ചയായ രണ്ടാം ജയം
നേര്‍ക്ക് നേര്‍: നേരത്തെ ഇരുസംഘവും നേര്‍ക്ക്‌നേര്‍ വന്നപ്പോള്‍ ചെന്നൈക്കാണ് മേല്‍ക്കൈ. 26 മത്സരങ്ങളില്‍ 16 മത്സരങ്ങള്‍ ചെന്നൈ ജയിച്ചപ്പോള്‍, വെറും 10 മത്സരങ്ങളിലാണ് പഞ്ചാബ് ജയം നേടിയത്. അവസാന അഞ്ച് മത്സരങ്ങളിൽ ചെന്നൈ മൂന്നെണ്ണത്തിൽ ജയിച്ചപ്പോൾ പഞ്ചാബ് രണ്ട് ജയം സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു. ടോസ് നേടുന്ന നായകന്‍ ബൗളിംഗ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കില്ല.