നവി മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 'എൽ ക്ലാസിക്കോ' പോരാട്ടത്തില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും നേര്‍ക്കുനേര്‍. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും നാല് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയും ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളാണെങ്കിലും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ്. നവി മുംബൈ ഡിവൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ വൈകുന്നേരം 7.30നാണ് മത്സരം.
സമ്മർദ്ദത്തിന്‍റെ പരകോടിയിൽ മുംബൈ;കളിച്ച ആറ് മത്സരവും തോറ്റാണ് മുംബൈ ഇന്ത്യന്‍സ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. പരിചയസമ്പന്നരായ ബോളര്‍മാരുടെ അഭാവമാണ് ഈ സമയത്ത് മുംബൈ നേരിടുന്ന പ്രധാന പ്രശ്‌നം. ബാറ്റിങ് നിരയിലും ആരും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.
രോഹിത്തും ഇഷാന്‍ കിഷനും ഓപ്പണിങ്ങില്‍ മികവ് കാണിക്കുന്നില്ല. ഇത് സൂര്യകുമാര്‍ യാദവിൽ അമിത സമ്മര്‍ദ്ദം സൃഷ്‌ടിക്കാൻ ഇടാക്കുന്നു. ഡെവാള്‍ഡ് ബ്രെവിസ് വേഗത്തിൽ റൺസ് കണ്ടെത്തുന്നുവെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല. ഹര്‍ദിക് പാണ്ഡ്യയുടെ പകരമായി ടീമിലെത്തിച്ച ഡാനിയല്‍ സാംസിന് ഇതുവരെ മികവിലെത്താനായിട്ടില്ല.
ജസ്പ്രീത് ബുംറ ഭേദപ്പെട്ട പ്രകടനം നടത്തുന്നത് മാത്രമാണ് ബോളിങ്ങിലെ പ്രതീക്ഷ. മറ്റ് ബൗളര്‍മാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ബേസില്‍ തമ്പി, ടൈമല്‍ മില്‍സ്, ജയദേവ് ഉനദ്‌ഘട്ട് എന്നിവരെല്ലാം മോശം പ്രകടനമാണ് നടത്തിയത്.