മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ക്വാളിഫയർ, എലിമിനേറ്റർ, ഫൈനൽ വേദികൾ ബിസിസിഐ പ്രഖ്യാപിച്ചു. ഈ മാസം 24 മുതൽ 28 വരെ കൊൽക്കത്തയിലും അഹമ്മദാബാദിലുമാണ് പ്ലേ ഓഫ് മത്സരങ്ങൾ നടക്കുക. 29ന് അഹമ്മദാബാദിലാണ് ഫൈനൽ. ഇത് കൂടാതെ വനിത ടി20 ചലഞ്ചിന്‍റെ വേദികളും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
IPL 2022: പ്ലേ ഓഫ്, ഫൈനൽ വേദികൾ പ്രഖ്യാപിച്ച് ബിസിസിഐ - ഐപിഎൽ ഫൈനൽ വേദി പ്രഖ്യാപിച്ചു
29ന് അഹമ്മദാബാദിലാണ് ഐപിഎൽ ഫൈനൽ
പോയിന്‍റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള ഒന്നാം ക്വാളിഫയർ മേയ് 24ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. ഇതിൽ വിജയിക്കുന്നവർക്ക് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടാം. മൂന്നും നാലും സ്ഥാനങ്ങളിലുള്ളവർക്കുള്ള എലിമിനേറ്റർ മേയ് 25ന് കൊൽക്കത്തയിൽ തന്നെ നടക്കും. മേയ് 27 നാണ് രണ്ടാം ക്വാളിഫയർ.
മെയ് 22ന് ഐപിഎല്ലിന്‍റെ ലീഗ് ഘട്ട മത്സരങ്ങൾ അവസാനിക്കും. അതേസമയം ഐപിഎൽ ക്വാളിഫയറിനും ഫൈനലിനും ഇടയിലാണ് വനിത ടി20 ചലഞ്ചിന്‍റെ മത്സരങ്ങൾ നടക്കുന്നത്. 23,24,26 തീയതികളിൽ പൂനെയിലാണ് മത്സരങ്ങൾ നടക്കുക. 28 നാണ് ഫൈനൽ.