ചെന്നൈ: ചെപ്പോക്കില്‍ മുംബൈക്കെതിരെ ആര്‍സിബിക്ക് 160 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് 159 റണ്‍സെടുത്തത്. അഞ്ച് വിക്കറ്റ് നേട്ടം കൊയ്‌ത ഹര്‍ഷാല്‍ പട്ടേലാണ് മുംബൈയുടെ കുതിപ്പന് തടയിട്ടത്.
ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത ആര്‍സിബിക്കെതിരെ ഓപ്പണറും നായകനുമായ ഹിറ്റ്‌മാന് താളം കണ്ടെത്താന്‍ പോലും സമയം കിട്ടിയില്ല. യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ നാലാമത്തെ ഓവറിലെ അവസാനത്തെ പന്തില്‍ ക്രിസ് ലിന്നുമായുള്ള ധാരണ പിശക് കാരണം റണ്‍ഔട്ടായാണ് 19 റണ്‍സെടുത്ത രോഹിത് പവലിയനിലേക്ക് മടങ്ങിയത്. ഉദ്‌ഘാടന മത്സരത്തില്‍ 15 പന്തുകള്‍ മാത്രമാണ് രോഹിത് നേരിട്ടത്.
പിന്നാലെ കെയില്‍ ജാമിസണിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്‌സിന് ക്യാച്ച് വഴങ്ങി 31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും മടങ്ങി. മുംബൈക്കായുള്ള അരങ്ങേറ്റ മത്സരത്തില്‍ നങ്കൂരമിട്ട് കളിച്ച ക്രിസ് ലിന്‍ അര്‍ദ്ധസെഞ്ച്വറി തികക്കാന്‍ ഒരു റണ്‍സ് കൂടി വേണമെന്നിരിക്കെയാണ് പുറത്തായത്. 35 പന്തില്‍ മൂന്ന് സിക്‌സും നാല് ബൗണ്ടറിയും ഉള്‍പ്പെടെ 49 റണ്‍സാണ് ക്രിസ് ലിന്‍ അടിച്ച് കൂട്ടിയത്. ഹര്‍ദിക് പാണ്ഡ്യ ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പവലിയനിലേക്ക് മടങ്ങുമ്പോള്‍ 13 റണ്‍സ് മാത്രമായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം.