ഷാർജ : പഞ്ചാബ് കിങ്സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 126 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 125 റണ്‍സേ നേടാനായുള്ളൂ. പഞ്ചാബ് ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കുന്ന രീതിയിലായിരുന്നു ഹൈദരാബാദ് ബൗളർമാരുടെ പ്രകടനം.
27 റണ്‍സ് നേടിയ എയ്‌ഡൻ മാക്രമാണ് പഞ്ചാബ് നിരയിൽ അൽപനേരമെങ്കിലും പിടിച്ചുനിന്നത്. ഹൈദരാബാദിനായി ജേസണ്‍ ഹോൾഡർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഓപ്പണർമാരായ മായങ്ക് അഗർവാളിനെയും ക്യാപ്റ്റൻ കെഎൽ രാഹുലിനെയും തുടക്കത്തിൽ തന്നെ പഞ്ചാബിന് നഷ്‌ടമായി. അഞ്ച് റണ്‍സെടുത്ത മായങ്കിനെയും 21റണ്‍സെടുത്ത രാഹുലിനെയും ഒരേ ഓവറിൽ തന്നെ മടക്കിയയച്ച് ജേസണ്‍ ഹോൾഡറാണ് ആദ്യത്തെ പ്രഹരം നൽകിയത്.
തുടർന്ന് ഒന്നിച്ച ക്രിസ് ഗെയിലും എയ്‌ഡൻ മാക്രവും ചേർന്ന് ശ്രദ്ധയോടെ ബാറ്റ് വീശിയെങ്കിലും ടീം സ്കോർ 57 ൽ വെച്ച് ക്രിസ് ഗെയിലിനെ റാഷിദ് ഖാൻ എൽബിയിൽ കുരുക്കുകയായിരുന്നു. തുടർന്നിറങ്ങിയ നിക്കോളാസ് പുരാൻ 8 റണ്‍സ് നേടി കൂടാരം കയറി. പിന്നാലെ എയ്‌ഡൻ മാക്രവും പുറത്തായി. 32 പന്തിൽ നിന്ന് 27 റണ്‍സ് നേടിയ താരത്തെ അബ്‌ദുൾ സമദ് മനീഷ് പാണ്ഡെയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.