ദുബായ് : ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു. കൊൽക്കത്തയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം ഏറെ നിർണായമാണ്. ഇന്ന് വിജയിച്ചാൽ മാത്രമേ അവർക്ക് പ്ലേ ഓഫിലെ സ്ഥാനം നിലനിർത്താൻ സാധിക്കുകയുള്ളൂ. മറുവശത്തുള്ള ഹൈദരാബാദ് ആശ്വാസ വിജയത്തിനായാണ് കളിക്കുന്നത്.
ഇന്നത്തെ മത്സരം വിജയിച്ച് നിലവിലെ നാലാം സ്ഥാനം ഉറപ്പിക്കാനാണ് കൊൽക്കത്ത ശ്രമിക്കുക. 12 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുള്ള ടീമിന് ഇന്ന് വിജയിച്ചാൽ പ്ലേ ഓഫ് സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാൻ സാധിക്കും. രണ്ടാം പാദത്തിൽ അവിശ്വസനീയ കുതിപ്പ് നടത്തുന്ന കൊൽക്കത്തക്ക് ക്യാപ്‌റ്റൻ മോർഗന്‍റെ ഫോമാണ് തിരിച്ചടിയാകുന്നത്. വെങ്കിടേഷ് അയ്യരിലാണ് ടീമിന്‍റെ മുഴുവൻ പ്രതീക്ഷയും.
മറുവശത്ത് ഒന്നും നഷ്ടപ്പെടാനില്ലാത്ത ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് ഇറങ്ങുക. 11 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമാണ് ടീമിന് ഇതുവരെ നേടാനായത്. അതിനാൽ തന്നെ ഈ സീസണിൽ ഇനിയൊരു മടങ്ങിവരവിന് ഹൈദരാബാദിന് അവസരം ലഭിച്ചേക്കില്ല.
ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം കൊൽക്കത്തക്കൊപ്പമായിരുന്നു. ഇരുവരും ഇതുവരെ നേർക്ക് നേർ വന്നപ്പോഴും വിജയം കൂടുതൽ കൊൽക്കത്തക്കായിരുന്നു. 20 മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 13 എണ്ണത്തിൽ വിജയം നേടിയതും കൊല്‍ക്കത്ത. ഏഴെണ്ണം സണ്‍റൈസേഴ്‌സും വിജയിച്ചു.