ദുബായ് : ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബൗളിങ് തെരഞ്ഞെടുത്തു. ഓരോ മാറ്റവുമായാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. ബാംഗ്ലൂർ കൈല്‍ ജാമിൻസണ് പകരം അരങ്ങേറ്റക്കാരൻ ജോര്‍ജ് ഗാര്‍ട്ടണെ ഉൾപ്പെടുത്തിയപ്പോൾ രാജസ്ഥാൻ ജയ്‌ദേവ് ഉദനദ്‌കട്ടിന് പകരം കാര്‍ത്തിക്ക് ത്യാഗിയെ പരീക്ഷിക്കുന്നു.
പട്ടികയിൽ 12 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ബാംഗ്ലൂരിനെ സംബന്ധിച്ച് ഇന്നത്തെ മത്സരത്തിൽ വിജയിച്ച് ആദ്യ നാലിലെ സ്ഥാനം ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനാകും ശ്രമിക്കുക. മറുവശത്ത് എട്ട് പോയിന്‍റുമായി ഏഴാംസ്ഥാനത്തുള്ള രാജസ്ഥാന് ഇന്ന് വിജയിച്ചേ മതിയാകൂ. ഇനിയുമൊരു തോൽവി രാജസ്ഥാന്‍റെ പ്ലേ ഓഫ് സാധ്യതകൾ അവതാളത്തിലാക്കും.
ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് ടീം മുന്നോട്ട് പോകുന്നത്. ബാറ്റിങിൽ സഞ്ജു മാത്രമാണ് ഫോമിലുള്ളത്. മറ്റു താരങ്ങളൊന്നും തന്നെ ഫോമിലല്ല. ബൗളിങിലും ഇതുതന്നെയാണ് സ്ഥിതി. മുസ്‌തഫിസുർ റഹ്‌മാൻ മാത്രമാണ് മോശമല്ലാത്ത രീതിയിൽ പന്തെറിയുന്നത്.
കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. ബാറ്റർമാരും ബോളർമാരും മികച്ച ഫോമിലാണ് കളിക്കുന്നത്. മാക്‌സ്‌വെൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഫോമിലേക്കുയർന്നതും ടീമിന്‍റെ ആത്മവിശ്വസം വർധിപ്പിക്കുന്നു. കോലിയും, പടിക്കലുമെല്ലാം മികച്ച രീതിയിലാണ് കളിക്കുന്നത്.