ഷാർജ : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 172 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഓപ്പണർമാരായ ശുഭ്‌മാൻ ഗില്ലിന്‍റെയും, വെങ്കിടേഷ് അയ്യരുടേയും ബാറ്റിങ് മികവിലാണ് നാല് വിക്കറ്റ് നഷ്‌ടത്തിൽ കൂറ്റൻ സ്കോറില്‍ എത്തിച്ചേർന്നത്.
രാജസ്ഥാൻ ബൗളർമാർക്കെതിരെ ശ്രദ്ധയോടെ ബാറ്റ് വീശിയ കൊൽക്കത്തയുടെ ഓപ്പണിങ് സഖ്യം ആദ്യ വിക്കറ്റിൽ 79 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 10-ാം ഓവറിൽ വെങ്കിടേഷ് അയ്യരിനെയാണ് കൊൽക്കത്തക്ക് ആദ്യം നഷ്‌ടമായത്. 35 പന്തിൽ 38 റണ്‍സ് നേടിയ താരത്തെ ക്രിസ് മോറിസ് ജയ്‌സ്വാളിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
തൊട്ടടുത്ത ഓവറിൽ തന്നെ നിതീഷ് റാണയേയും(12) കൊൽക്കത്തക്ക് നഷ്‌ടമായി. തുടക്കത്തിലേ ആക്രമിച്ച് കളിച്ച താരത്തെ ഗ്ലെൻ ഫിലിപ്‌സ് പുറത്താക്കി. പിന്നാലെയെത്തിയ രാഹുൽ ത്രിപാഠി ശുഭ്‌മാൻ ഗില്ലിന് മികച്ച പിന്തുണ നൽകി സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി.