അബുദാബി :ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിങ് തെരഞ്ഞെടുത്തു. മലയാളി താരം കെ.എം ആസിഫ് ചെന്നൈ നിരയിൽ ഇടം നേടി. ബ്രാവോക്ക് പകരം സാം കറനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അഞ്ച് മാറ്റങ്ങളുമായാണ് രാജസ്ഥാൻ ഇന്ന് മത്സരത്തിനിറങ്ങുന്നത്. ലിയാം ലിവിങ്സ്റ്റണ്‍ , മഹിപാല്‍ ലൊംറോര്‍, റിയാന്‍ പരാഗ്, ക്രിസ് മോറിസ്, കാർത്തിക് ത്യാഗി എന്നിവർക്ക് പകരം ശിവം ദുബെ, ഡേവിഡ് മില്ലർ, ഗ്ലെൻ ഫിലിപ്പ്സ്, മായങ്ക് മാർക്കണ്ടേയ, ആകാശ് സിങ് എന്നിവർ ടീമിൽ ഇടം പിടിച്ചു.
പ്ലേ ഓഫിൽ കടക്കാൻ ഇന്ന് രാജസ്ഥാന് വിജയിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. 11 മത്സരങ്ങളിൽ നിന്ന് ഏട്ട് പോയിന്‍റുള്ള ടീം പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാൽ മാത്രമേ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ സാധിക്കുകയുള്ളൂ.
മികച്ച ഫോമിൽ കളിക്കുന്ന ക്യാപ്‌റ്റൻ സഞ്‌ജു സാംസണാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. മറ്റ് ബാറ്റർമാർ എല്ലാം ഫോം ഔട്ടിലാണ്. ബൗളർമാര്‍ മോശമല്ലാതെ പന്തെറിയുന്നുണ്ടെങ്കിലും ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായ ക്രിസ് മോറിസിന്‍റെ ഫോമില്ലായ്‌മ ടീമിന് തലവേദനയാകുന്നുണ്ട്.