ദുബൈ :ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ പഞ്ചാബ് കിങ്സ് ബൗളിങ് തെരഞ്ഞെടുത്തു. ഇരു ടീമുകൾക്കും വിജയം അനിവാര്യമായ മത്സരത്തിൽ കൊൽക്കത്ത രണ്ട് മാറ്റവുമായും പഞ്ചാബ് മൂന്ന് മാറ്റവുമായാണ് ഇന്ന് കളത്തിലിറങ്ങുന്നത്. 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുമായി നാലാം സ്ഥാനത്തുള്ള കൊൽക്കത്തക്കും അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 8 പോയിന്‍റുമായി ആറാം സ്ഥാനത്തുള്ള പഞ്ചാബിനും ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. ഇന്നത്തെ മത്സരം വിജയിച്ചാലേ ഇരുവർക്കും പ്ലേ ഓഫിൽ കടക്കാൻ കഴിയുകയുള്ളു.
മലയാളി പേസർ സന്ദീപ് വാര്യർക്ക് പകരം ശിവം മാവിയും ലോക്കി ഫെർഗൂസന് പകരം ടിം സീഫർട്ടും കൊൽക്കത്ത ടീമിൽ ഇടം നേടി. പരിക്കേറ്റ ആന്ദ്രേ റസൽ ഇന്നും കൊൽക്കത്ത ടീമിലില്ല. അതേസമയം ടീം വിട്ട ക്രിസ് ഗെയിലിന് പകരം ഫാബിയൻ അലനും, മൻദീപ് സിങിന് പകരം മായങ്ക് അഗർവാളും ഹർപ്രീത് ബ്രാറിന് പകരം ഷാറൂഖ് ഖാനും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ആദ്യ പാദത്തിൽ നിന്ന് ഏറെ വ്യത്യസ്‌തമായാണാ കൊൽക്കത്ത രണ്ടാം പാദത്തിൽ കളിക്കുന്നത്. രണ്ടാം പാദത്തിൽ കളിച്ച നാല് കളികളിൽ മൂന്നിലും ടീം മികച്ച വിജയം സ്വന്തമാക്കി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഡൽഹി ക്യാപ്പിറ്റൽസ്, മുംബൈ ഇന്ത്യൻസ് എന്നീ വമ്പൻ ടീമുകളോടാണ് കൊൽക്കത്ത വിജയം നേടിയത്. ചെന്നൈക്കെതിരെ മാത്രമാണ് ടീമിന് തോൽവി വഴങ്ങേണ്ടി വന്നത്.
ഓപ്പണർ വെങ്കിടേഷ് അയ്യർ തന്നെയാണ് ടീമിന്‍റെ പ്രധാന ശക്‌തി. ബാറ്റിങിലും ബോളിങ്ങിലും താരം ഒരു പോലെ തിളങ്ങുന്നുണ്ട്. ക്യാപ്റ്റൻ മോർഗൻ ഒഴിച്ച് മറ്റ് താരങ്ങളെല്ലാം തന്നെ ഫോമിലാണ്.
അതേസമയം രണ്ടാം പാദത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിലും പഞ്ചാബ് കിങ്‌സ് പരാജയപ്പെട്ടു. ബാറ്റിങ് നിരയാണ് ടീമിന്‍റെ പ്രധാന തിരിച്ചടി. ഓപ്പണർമാർ ഫോമിലാണെങ്കിലും മധ്യനിര തീരെ ദയനീയമായാണ് ബാറ്റ് വീശുന്നത്. എയ്‌ഡൻ മാർക്രം മാത്രമാണ് ടീമിൽ മോശമല്ലാത്ത രീതിയിൽ കളിക്കുന്നത്.