ഷാർജ : ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്സിന് 165 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂർ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെയും ദേവ്ദത്ത് പടിക്കലിന്‍റെയും മികവിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റണ്‍സിലേക്ക് എത്തിയത്.
ഓപ്പണർമാർ മികച്ച തുടക്കം നൽകിയ മത്സരത്തിൽ ക്യാപ്‌റ്റൻ വിരാട് കോലിയുടെ വിക്കറ്റിട്ട് മൊയിസ് ഹെന്റിക്വെസാണ് കൂട്ടുകെട്ട് പൊളിച്ചത്. 24 പന്തിൽ 25 റണ്‍സെടുത്ത കോലി ബൗൾഡ് ആവുകയായിരുന്നു.
തൊട്ടടുത്ത പന്തിൽ തന്നെ ഡാൻ ക്രിസ്റ്റ്യനെ പുറത്താക്കി ഹെന്റിക്വെസ് ബാംഗ്ലൂരിനെ വീണ്ടും ഞെട്ടിച്ചു. പിന്നാലെ എത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ പടിക്കലിനെ കൂട്ടുപിടിച്ച് സ്കോർ മെല്ലെ ഉയർത്തി.
മികച്ച ഫോമിൽ ബാറ്റ് വീശുകയായിരുന്ന പടിക്കലിനെ പുറത്താക്കി ഹെന്റിക്വെസ് ഒന്നുകൂടി ഞെട്ടിച്ചു. 40 റണ്‍സെടുത്ത താരത്തെ കെഎൽ രാഹുൽ പിടികൂടുകയായിരുന്നു.
ALSO READ :ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് ; മൂന്ന് സ്വർണം വെടിവച്ചിട്ട് മനു ഭാക്കർ
തുടർന്നിറങിയ ഡിവില്ലിയേഴ്‌സിനെ കൂട്ടുപിടിച്ച് മാക്‌സ്‌വെൽ ടീം സ്കോർ 100 കടത്തി. ഒരു വശത്ത് ഡിവില്ലിയേഴ്‌സ് പ്രതിരോധിച്ച് കളിച്ചപ്പോൾ മറുവശത്ത് മാക്‌സ്‌വെൽ അടിച്ച് തകർക്കുകയായിരുന്നു.
മികച്ച രീതിയിൽ കളിക്കുകയായിരുന്ന ഡിവില്ലിയേഴ്‌സിനെ റണ്‍ ഔട്ടിലൂടെ പുറത്താക്കി സർഫറാസ് ഖാൻ ആണ് കൂട്ടുകെട്ട് പൊളിച്ചത്. 18 പന്തിൽ നിന്ന് 23 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
പിന്നാലെ അവസാന ഓവറിലെ രണ്ടാം പന്തിൽ മാക്‌സ്‌വെല്ലിനെ ഷമി പുറത്താക്കി. 33 പന്തിൽ നാല് സിക്‌സിന്‍റെയും മൂന്ന് ഫോറിന്‍റെയും അകമ്പടിയോടെ 57 റണ്‍സ് നേടിയ താരം സർഫറാസ് ഖാന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
പിന്നാലെ ഓവറിലെ നാലാം പന്തിൽ ഷഹബാസ് അഹമ്മദിനെയും അഞ്ചാം പന്തിൽ ജോര്‍ജ് ഗാര്‍ട്ടനെയും പുറത്താക്കി ഷമി ഓവർ അവസാനിപ്പിച്ചു. പഞ്ചാബിനായി മൊയ്‌സസ് ഹെൻറിക്വെസ്, മുഹമ്മദ് ഷമി എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.