അബുദാബി : ഐപിഎല്ലിൽ ഇന്നത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രാത്രി 7.30 അബുദാബിയിലാണ് മത്സരം. ബാംഗ്ലൂർ ഇന്നത്തെ മത്സരം വിജയിച്ച് ആദ്യ നാലിൽ കടക്കാൻ ശ്രമിക്കുമ്പോൾ തുടർ തോൽവികളിൽ വട്ടം കറങ്ങുന്ന ഹൈദരാബാദ് ആശ്വാസജയം തേടിയാണ് ഇന്നിറങ്ങുന്നത്.
12 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുള്ള ബാംഗ്ലൂർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 12 പട്ടികയിൽ നിന്ന് തന്നെ വെറും നാല് പോയിന്‍റുള്ള ഹൈദരാബാദ് പോയിന്‍റ് പട്ടികയിൽ അവസാനസ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിലും, ഡൽഹിക്കെതിരായ അടുത്ത മത്സരത്തിലും വിജയിച്ചാൽ ബാംഗ്ലൂരിന് ക്വാളിഫയർ ഉറപ്പിക്കാനാകും.
ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെ മികച്ച ഫോമാണ് ടീമിന്‍റെ പ്രധാന കരുത്ത്. ബാറ്റിങ്ങിലും ബൗളിങ്ങിലും താരം ഒരുപോലെ തിളങ്ങുന്നുണ്ട്. കോലിയും പടിക്കലും മികച്ച രീതിയിൽ ബാറ്റ് വീശുന്നുണ്ട്. മറുവശത്ത് തികച്ചും ദയനീയമാണ് ഹൈദരാബാദിന്‍റെ അവസ്ഥ. തോൽവികളിൽ നിന്ന് തോൽവികളിലേക്ക് കൂപ്പുകുത്തുന്ന ടീമിന് ഇനിയുള്ള രണ്ട് മത്സരങ്ങളെങ്കിലും വിജയം നേടേണ്ടത് അനിവാര്യമാണ്.
ALSO READ :ഏറ്റവും വേഗത്തിൽ 7000 റണ്‍സ് ; ടി20 യിൽ പുത്തൻ റെക്കോഡുമായി പാക് നായകൻ ബാബർ അസം
ഇന്ന് വിജയിച്ചാൽ ഐ.പി.എല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ടീം എന്ന നേട്ടം ബാംഗ്ലൂരിന് സ്വന്തമാക്കാം. നിലവില്‍ 208 മത്സരങ്ങളില്‍ നിന്ന് 99 വിജയങ്ങളാണ് ബാംഗ്ലൂരിനുള്ളത്. ഇന്ന് വിജയിച്ചാല്‍ 100 വിജയങ്ങള്‍ നേടുന്ന ഐ.പി.എല്ലിലെ നാലാമത്തെ ടീമാകും ബാംഗ്ലൂര്‍. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.