ദുബായ് : ഐപിഎല്ലിലെ തങ്ങളുടെ അവസാനത്തെ മത്സരത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്നിറങ്ങും. വൈകിട്ട് 7.30നാണ് മത്സരം. ഈ സീസണിൽ ഇനി പ്ലേഓഫിൽ കയറുക എന്നത് സ്വപ്‌നത്തിൽ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഹൈദരാബാദ്.
എന്നാൽ പ്ലേ ഓഫ് എന്ന സ്വപ്‌നം സഫലമാകാൻ മുംബൈക്ക് സാധിക്കും. ഹൈദരാബാദിനെതിരെ '171 റണ്‍സിന്‍റെ' വിജയം നേടണമെന്ന് മാത്രം!
എട്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഹൈദരാബാദ്. സീസണിലെ അവസാനമത്സരത്തിൽ വിജയിച്ച് ആശ്വാസത്തോടെ മടങ്ങാനാകും ടീം ശ്രമിക്കുക. അവസാന മത്സരത്തിൽ ബാംഗ്ലൂരിനെ കീഴടക്കിയ ആത്മവിശ്വാസവും ടീമിന് മുതൽക്കൂട്ടാകും.
മറുവശത്ത് രാജസ്ഥാനെതിരെ കൊൽക്കത്ത കഴിഞ്ഞ കളിയിൽ മിന്നും വിജയം നേടിയതിനാൽ കണക്കുകൂട്ടലുകളെല്ലാം തെറ്റിയ അവസ്ഥയിലാണ് മുംബൈ ഇന്ത്യൻസ്. ഇന്നലെ വരെ പ്ലേ ഓഫ് പ്രതീക്ഷകൾ മുംബൈക്ക് ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ അത് ഏറെക്കുറെ അവസാനിച്ച് അവസ്ഥയിലാണ്.
13 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായി ആറാം സ്ഥാനത്താണ് മുംബൈ. ഇന്ന് വിജയിച്ചാൽ ടീമിന് 14 പോയിന്‍റാകും. എന്നാൽ അവിടെയും കൊൽക്കത്ത വില്ലനായെത്തും. 14 പോയിന്‍റുള്ള കൊൽക്കത്തെയെ മറികടക്കണമെങ്കിൽ 171 റണ്‍സിന്‍റെ കൂറ്റൻ വിജയം മുംബൈക്ക് ഇന്ന് സ്വന്തമാക്കണം. എന്നാൽ ഇത് നടക്കാൻ ഒരു ശതമാനം പോലും സാധ്യതയില്ല.