ഷാർജ : ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസിനും മുംബൈ ഇന്ത്യൻസിനും നിലനിൽപ്പിനായുള്ള പോരാട്ടം. പോയിന്‍റ് പട്ടികയിൽ 10 പോയിന്‍റുമായി ഏഴാം സ്ഥാനത്തുള്ള മുംബൈക്കും, 10 പോയിന്‍റുമായി ആറാം സ്ഥാനത്തുള്ള രാജസ്ഥാനും ആദ്യ നാലിൽ കടക്കണമെങ്കിൽ ഇന്ന് വിജയം ഏറെ അനിവാര്യമാണ്. ഇന്ന് തോൽക്കുന്ന ടീമിന് പുറത്തേക്കുള്ള വഴി തെളിയും.
ഇന്നത്തെ മത്സരം കൂടെ ചേർത്ത് ഇരു ടീമിനും ഇനി രണ്ട് മത്സരം ബാക്കിയുണ്ട്. ആദ്യ മൂന്ന് സ്ഥാനക്കാർ ഇതിനകം പ്ലേ ഓഫിൽ കടന്നതിനാൽ 10 പോയിന്‍റുകൾ വീതമുള്ള പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്ക് ഇനിയുള്ള മത്സരങ്ങളിലെ വിജയം ഏറെ നിർണായകമാണ്.
ബാറ്റിങ് നിരയാണ് മുംബൈയെ ഏറ്റവുമധികം അലട്ടുന്നത്. നായകൻ രോഹിൽ ശർമ്മ ഉൾപ്പെടെ ആരും തന്നെ മികച്ച ഫോമിലല്ല. മുൻനിര ബാറ്റർമാരെ പോലെ തന്നെ മധ്യനിര ബാറ്റർമാരും മങ്ങിയ ഫോമിലാണ്. ബൗളിങ് നിരക്കും അത്ര കണ്ട് ശേഭിക്കാനാകുന്നില്ല. അവസാന ഓവറുകളിലെ റണ്‍ ഒഴുക്ക് തടയാൻ സാധിക്കുന്നു എങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്താൻ മുംബൈ ബൗളർമാർക്ക് സാധിക്കുന്നില്ല.