ന്യൂഡൽഹി: ഫിറോസ്-ഷാ- കോട്‌ലായിൽ നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളിൽ തുടർച്ചയായി നാല് ജയങ്ങളുമായി ചെന്നൈ നിലവിൽ രണ്ടാം സ്ഥാനത്താണ്. ഹൈദരാബാദാകട്ടെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലും തോറ്റ് എട്ടാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ പ്രവചനങ്ങളെല്ലാം ചെന്നൈ സൂപ്പര്‍ കിങ്‌സിന് അനുകൂലമാണ്.
കഴിഞ്ഞ കളിയിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേടിയ 69 റണ്‍സിന്‍റെ തകർപ്പൻ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ധോണിപ്പട ഇറങ്ങുന്നത്. അതേസമയം ഡേവിഡ് വാർണറിന്‍റെ ഹൈദരാബാദ് തുടർച്ചയായ തോൽവികളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലും. ഇരു ടീമുകളും രണ്ട് മാറ്റങ്ങളുമായാണ് ഇന്നിറങ്ങുന്നത്. ഹൈദരാബാദ്, മനീഷ് പാണ്ഡെ,സന്ദീപ് വർമ എന്നിവരെ ഉൾപ്പെടുത്തിയപ്പോൾ വിരാട് സിങ്, അഭിഷേക് ശർമ എന്നിവർ ഇത്തവണ പുറത്തിരിക്കും. അതേസമയം മൊയിൻ അലി, ലുങ്കി എൻഗിഡി എന്നിവർ ചെന്നൈ ടീമിലെത്തിയപ്പോൾ ഇമ്രാൻ താഹീർ, ഡെയിൻ ബ്രാവോ എന്നിവർ ടീമിൽ ഇല്ല.