ദുബായ് : ഐപിഎൽ കലാശപ്പോരാട്ടത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്.
ഫൈനലിൽ എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് നാലാം കിരീടം തേടി ഇറങ്ങുമ്പോൾ ഇയാൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. തന്ത്രങ്ങൾ മെനയുന്നതിൽ മിടുക്കരായ ക്യാപ്‌റ്റൻമാരാണ് ഇരു ടീമിന്‍റെയും പ്രത്യേകത. അതിനാൽ തന്നെ ക്യാപ്‌റ്റൻമാരുടെ പോരാട്ടം എന്ന നിലയിലും ഇന്നത്തെ മത്സരം ഇതിനകം പേരുനേടിക്കഴിഞ്ഞു.
ഒന്നാം ക്വാളിഫയറിൽ ഡൽഹി ക്യാപ്പിറ്റൽസിനെ തകർത്താണ് പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായിരുന്ന ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. രണ്ടാം ക്വാളിഫയറിൽ ഇതേ ഡൽഹിയെത്തന്നെ തകർത്താണ് പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള കൊൽക്കത്ത ഫൈനലിൽ കടന്നത്.
ഓപ്പണിങ് സഖ്യമാണ് ഇരു ടീമുകളുടേയും പ്രധാനശക്‌തി. ഓപ്പണിൽ മങ്ങിയാൽ വീണുപോകുന്ന സ്ഥിതി ഇരു ടീമുകളെയും ഒരു പോലെ അലട്ടുന്നുണ്ട്. എന്നിരുന്നാലും ബാറ്റിങിൽ കൊൽക്കത്തെയെക്കാൾ ഒരുപടി മുന്നിൽ തന്നെയാണ് ചെന്നൈ. ബാറ്റിങ്ങിൽ പരാജയമായിരുന്നിട്ടും ഭാഗ്യത്തിന്‍റെ അകമ്പടിയോടെയാണ് കൊൽക്കത്ത ഇത്തവണ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്.