കേരളം

kerala

IPL 2021 : രാജസ്ഥാനെ തരിപ്പണമാക്കി കൊൽക്കത്ത, 87 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം

By

Published : Oct 7, 2021, 11:04 PM IST

44 റണ്‍സെടുത്ത രാഹുൽ തെവാത്തിയ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ പിടിച്ചുനിന്നത്

IPL 2021 KKR WON THE MATCH AGAINST RR  IPL 2021  രാജസ്ഥാനെ തരിപ്പണമാക്കി കൊൽക്കത്ത  രാഹുൽ തെവാത്തിയ  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  രാജസ്ഥാൻ റോയൽസ്
IPL 2021 : രാജസ്ഥാനെ തരിപ്പണമാക്കി കൊൽക്കത്ത, 87 റണ്‍സിന്‍റെ കൂറ്റൻ വിജയം

ഷാർജ : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് നാണം കെട്ട തോൽവി. കൊൽക്കത്തയുടെ 172 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ 85 റണ്‍സിൽ ഓൾ ഔട്ട് ആവുകയായിരുന്നു.

87 റണ്‍സിന്‍റെ കൂറ്റൻ വിജയമാണ് ടീം സ്വന്തമാക്കിയത്. കൊൽക്കത്തക്കായി ശിവം മാവി നാലും, ലോക്കി ഫെർഗൂസണ്‍ മൂന്നും വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഷാക്കിബ് അൽ ഹസൻ, വരുണ്‍ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

കൊൽക്കത്ത ബൗളർമാരുടെ പ്രഹരത്തിൽപ്പെട്ടുപോയ രാജസ്ഥാന്‍റെ രണ്ട് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ ബൗൾഡാക്കി ഷാക്കിബ് അൽ ഹസനാണ് രാജസ്ഥാന് ആദ്യ പ്രഹരമേൽപ്പിച്ചത്.

തൊട്ടടുത്ത ഓവറിൽ തന്നെ ക്യാപ്‌റ്റൻ സഞ്ജു സാംസണെയും രാജസ്ഥാന് നഷ്ടമായി. ഒരു റണ്‍സ് നേടിയ താരത്തെ ശിവം മാവി മോർഗന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ഇതോടെ രാജസ്ഥാൻ ഒരു റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി.

പിന്നാലെ തന്നെ ലിയാം ലിവിങ്സ്റ്റനേയും ടീമിന് നഷ്‌ടമായി. ആറ് റണ്‍സെടുത്ത താരത്തെ ഫെർഗൂസണ്‍ ത്രിപാഠിയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഓവറിലെ നാലാം പന്തിൽ അനൂജ് റാവത്തിനെയും ഡക്കാക്കി മടക്കി അയച്ച് ഫെർഗൂസണ്‍ രാജസ്ഥാന് ഇരട്ട പ്രഹരമേൽപ്പിച്ചു. പിന്നാലെ ഒന്നിച്ച ഗ്ലെൻ ഫിലിപ്പ്സിനെ കൂട്ടുചേർത്ത് ശിവം ദുബെ ടീം സ്കോർ മെല്ലെ ഉയത്തി.

എന്നാൽ ടീം സ്കോർ 35ൽ വെച്ച് ഗ്ലെൻ ഫിലിപ്പ്സിനെയും രാജസ്ഥാന് നഷ്ടമായി. എട്ട് റണ്‍സ് നേടിയ താരത്തെ ശിവം മാവി ബൗൾഡ് ആക്കുകയായിരുന്നു. ഓവറിലെ അവസാന പന്തിൽ ശിവം ദുബെയെയും നഷ്ടമായി. 18 റണ്‍സെടുത്ത താരത്തെയും മവി ബൗൾഡാക്കുകയായിരുന്നു.

തൊട്ടടുത്ത ഓവറിൽ ക്രിസ് മോറിസിനെ വരുണ്‍ ചക്രവർത്തി വിക്കറ്റിന് മുന്നിൽ കുരുക്കി. ഇതോടെ രാജസ്ഥാൻ 35/7 എന്ന നിലയിലായി. ഒരു ഘട്ടത്തിൽ ഐപിഎല്ലിലെ ഏറ്റവും ചെറിയ ടോട്ടലായ 49 റണ്‍സ് എന്ന ആർസിബിയുെട നാണംകെട്ട റെക്കോഡ് രാജസ്ഥാൻ സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും രാഹുൽ തെവാത്തിയ രക്ഷകനായി അവതരിച്ചു.

ഒരു വശത്ത് തെവാത്തിയ തകർത്തടിക്കുമ്പോഴും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ടീം സ്കോർ 62ൽ നിൽക്കെ ജയദേവ് ഉനദ്‌കട്ടിനെ ഫെർഗൂസണ്‍ പുറത്താക്കി. ആറ് റണ്‍സ് നേടിയ താരം ഷാക്കിബ് അൽ ഹസന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

പിന്നാലെയെത്തിയ ചേതൻ സക്കറിയയെ കാഴ്‌ചക്കാരനാക്കി തെവാത്തിയ റണ്‍സ് ഉയർത്തിക്കൊണ്ടിരുന്നു. എന്നാൽ സ്കോർ 85ൽ വെച്ച് സക്കറിയയും റണ്‍ഔട്ട് ആയി. 16-ാം ഓവറിൽ തെവാത്തിയയെ മാവി ബൗൾഡ് ആക്കിയതോടെ രാജസ്ഥാന്‍റെ ഇന്നിങ്സിന് തിരശ്ശീല വീണു.

ABOUT THE AUTHOR

...view details