ദുബായ് : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 115 റണ്‍സേ നേടാനായുള്ളൂ.
കൊൽക്കത്ത ബൗളർമാർ പിടിമുറുക്കിയ മത്സരത്തിൽ ഹൈദരാബാദ് ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. കൊൽക്കത്തക്കായി ടിം സൗത്തി, ശിവം മാവി, വരുണ്‍ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ഷാക്കിബ് അൽ ഹസൻ ഒരുവിക്കറ്റ് വീഴ്‌ത്തി.
രണ്ടാം പന്തിൽ ഓപ്പണർ വൃധിമാന്‍ സാഹയെ പുറത്താക്കിക്കൊണ്ടാണ് കൊൽക്കത്ത വിക്കറ്റ് വേട്ട ആരംഭിച്ചത്. ടിം സൗത്തി താരത്തെ എൽബിയിൽ കുരുക്കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ ജെയ്‌സണ്‍ റോയിയെ ശിവം മാവി പുറത്താക്കി. 10 റണ്‍സ് നേടിയ താരം സൗത്തിക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
തുടർന്ന് ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസണും പ്രിയം ഗാർഗും ചേർന്ന് ശ്രദ്ധാപൂർവം സ്കോർ മെല്ലെ ഉയർത്തി. ടീം സ്കോർ 38 ൽ വെച്ച് വില്യംസണെ ഷാക്കിബ് റണ്‍ ഔട്ട് ആക്കി. 26 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ അഭിഷേക് ശർമയും അധികം നിലയുറപ്പിക്കും മുന്നേ മടങ്ങി. 6 റണ്‍സ് നേടിയ താരത്തെ കാർത്തിക് സ്റ്റംപ് ചെയ്‌ത് പുറത്താക്കുകയായിരുന്നു.
ALSO READ :IPL 2021 : ബാംഗ്ലൂരിന് ത്രസിപ്പിക്കുന്ന വിജയം, പഞ്ചാബിന്‍റെ പ്ലേ ഓഫ് മോഹങ്ങൾക്ക് തിരിച്ചടി
പിന്നാലെ ഒരുവശത്ത് പിടിച്ചുനിൽക്കുകയായിരുന്ന പ്രിയം ഗാർഗിനെ വരുണ്‍ ചക്രവർത്തി പുറത്താക്കി. 21 റണ്‍സ് നേടിയ താരം രാഹുൽ ത്രിപാഠിക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. തുടർന്നിറങ്ങിയ ഹോൾഡർക്കും അധികം ആയുസ് ഉണ്ടായിരുന്നില്ല. 2 റണ്‍സ് നേടിയ താരത്തെ വരുണ്‍ ചക്രവർത്തി മടക്കി അയക്കുകയായിരുന്നു.
വിക്കറ്റുകൾ വീഴുമ്പോഴും ഒരു വശത്ത് പിടിച്ച് നിൽക്കുകയായിരുന്ന അബ്ദുൾ സമദിന്‍റേതായിരുന്നു അടുത്ത ഊഴം. മൂന്ന് സിക്‌സിന്‍റെ അകമ്പടിയോടെ 25 റണ്‍സ് നേടിയ താരത്തെ ടിം സൗത്തി ഗില്ലിന്‍റെ കൈകളിലെത്തിച്ചു. പിന്നാലെ ഇറങ്ങിയ റാഷിദ് ഖാനും(8) റണ്‍സ് ഉടനേ തന്നെ മടങ്ങി. ഭുവനേശ്വർ കുമാർ(7) സിദ്ധാർഥ് കൗൾ (7) എന്നിവർ പുറത്താകാതെ നിന്നു.