ചെന്നൈ: വിരാട് കോലിയും രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ വരുന്ന ഐപിഎല്ലിലെ ഉദ്‌ഘാടന മത്സരത്തില്‍ ജയം ആര്‍ക്കൊപ്പമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് പോരാട്ടം. ഹാട്രിക് കിരീടം നേട്ടത്തിനായി ഹിറ്റ്‌മാനും ആദ്യ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കോലിയും എത്തുമ്പോള്‍ പതിനാലാം പതിപ്പിലെ ആദ്യ മത്സരം കനക്കും.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ കപ്പടിച്ച ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ മുംബൈയും വമ്പന്‍ മാറ്റങ്ങളുമായി ബംഗളൂരുവും ഇന്നിറങ്ങും. പതിനാലാം പതിപ്പിന് മുന്നോടിയായി ചെന്നൈയില്‍ നടന്ന മിനി താരലേലത്തില്‍ കൂടുതല്‍ തുക മുടക്കിയ ടീമുകളില്‍ ഒന്നാണ് ബംഗളൂരു. ഗ്ലെന്‍ മാക്‌സ്‌വെല്ലും കെയില്‍ ജാമിസണും താരലേലത്തിലൂടെ ബംഗളൂരുവിന്‍റെ കൂടാരത്തിലെത്തി. കൂടാതെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ മുഹമ്മദ് അസ്‌ഹറുദ്ദീനും ആര്‍സിബിക്കൊപ്പം ചേര്‍ന്നു. സീസണിലെ ആദ്യ അങ്കത്തിന് ബംഗളൂരു ഇറങ്ങുമ്പോള്‍ അസ്‌ഹറുദ്ദീന്‍ അന്തിമ ഇലവനിലുണ്ടാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മുഷ്‌താഖ് അലി ടി20യിലെ വെടിക്കെട്ട് ബാറ്റിങിലൂടെയാണ് അസ്‌ഹറുദ്ദീന് ഇത്തവണ ടിക്കറ്റ് ലഭിച്ചത്.
ചെപ്പോക്കിലെ വേഗം കുറഞ്ഞ പിച്ചുകളില്‍ സ്‌പിന്‍ തന്ത്രങ്ങള്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാകും. യുസ്‌വേന്ദ്ര ചാഹല്‍ നേതൃത്വം നല്‍കുന്ന ബംഗളൂരുവിന്‍റെ സ്‌പിന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ആദം സാംപയും വാഷിങ്‌ടണ്‍ സുന്ദറും ഉള്‍പ്പെടെയുള്ളവര്‍ കളം നിറയും. മറുഭാഗത്ത് പീയൂഷ് ചൗളയും ക്രുണാല്‍ പാണ്ഡ്യയും ഉള്‍പ്പെടുന്നതാണ് മുബൈയുടെ സ്‌പിന്‍ ഡിപ്പാര്‍ട്ട്മെന്‍റ്. കീറോണ്‍ പൊള്ളാര്‍ഡ് കൂടി വരുമ്പോൾ മുംബൈ കൂടുതല്‍ ശക്തരാകും.
ഐപിഎല്ലില്‍ ഇതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയതിന്‍റെ കണക്കുകള്‍ പരിഗണിക്കുമ്പോള്‍ മുംബൈക്കാണ് മുന്‍തൂക്കം. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം മുംബൈക്കൊപ്പമായിരുന്നു. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ജയം മുംബൈക്കൊപ്പം നിന്നു.