ദുബൈ: ഇന്ത്യന്‍ പ്രീയമില്‍ ലീഗില്‍ (IPL 2021)ല്‍ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റ് വിജയം. ഇതേടെ ചാമ്പ്യന്മാരായ മുംബൈ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് മുംബൈയുടെ വിജയം. ഇതോടെ പോയിന്‍റ് പട്ടികയില്‍ ടീം അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പഞ്ചാബിന്‍റെ 136 റണ്‍സ് വിജയലക്ഷ്യം ആറ് ബോളുകള്‍ ബാക്കി നില്‍ക്കെ മുംബൈ മറികടന്നു.
സൗരഭ് തിവാരി (37 പന്തില്‍ 45) ഹാര്‍ദിക് പാണ്ഡ്യ (3 പന്തില്‍ 40) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ചത്. കീറണ്‍ പൊള്ളാര്‍ഡ് കളം നിറഞ്ഞാടിയതോടെ ആരാധകരും ആവേശത്തിലായിരുന്നു. രണ്ടുവിക്കറ്റും എഴ് പന്തില്‍ 15 റണ്‍സുമെടുത്ത പൊള്ളാര്‍ഡ് ഇന്ത്യന്‍സിന്‍റെ രക്ഷകനായി.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 പന്തിൽ 42 റണ്‍സ് നേടിയ എയ്‌ഡന്‍ മര്‍ക്രത്തിന്‍റെയും 28 റണ്‍സ് നേടിയ ദീപക് ഹൂഡയുടേയും മികവിലാണ് പഞ്ചാബ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിയത്. ഓപ്പണർമാരായ കെഎൽ രാഹുലും മന്ദീപ് സിങും മികച്ച രീതിയിൽ റണ്‍ വേട്ട തുടങ്ങിയെങ്കിലും ടീം സ്കോർ 36ൽ വെച്ച് മന്ദീപിന്‍റെ വിക്കറ്റ് നഷ്ടമായി. തൊട്ടുപിന്നാലെ ഒരു റണ്‍സെടുത്ത ക്രിസ് ഗെയിലിനെ കീറോണ്‍ പൊള്ളാർഡ് മടക്കി അയച്ചു.