ഷാർജ : ഐപിഎല്ലിലെ ആവേശകരമായ എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്വാളിഫയറിൽ പ്രവേശിച്ചു. ആവേശകരമായ മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 139 റണ്‍സ് വിജയ ലക്ഷ്യം രണ്ട് പന്തുകൾ ശേഷിക്കെയാണ് കൊൽക്കത്ത മറികടന്നത്.
ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരുപോലെ തിളങ്ങിയ സുനിൽ നരെയ്‌ൻ ആണ് കൊൽക്കത്തയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. വിജയത്തോടെ കൊൽക്കത്ത രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും. അതേസമയം 14-ാ വർഷവും ഐപിഎൽ കിരീടം എന്നത് സ്വപ്നത്തിൽ മാത്രമായി ഒതുക്കേണ്ട അവസ്ഥയിലായി കോലിക്കും കൂട്ടർക്കും. ക്യാപ്‌റ്റനായുള്ള അവസാന മത്സരമായിരുന്നു കോലിക്ക് ഇന്നലത്തേത്. ഇതോടെ കിരീടമില്ലാതെ താരത്തിന് മടങ്ങേണ്ടിവന്നു.
139 റണ്‍സ് എന്ന താരതമ്യേന ചെറിയ ടോട്ടൽ പിന്തുടർന്നിറങ്ങിയ കൊൽക്കത്തക്ക് ഓപ്പണർമാരായ ശുഭ്‌മാൻ ഗില്ലും, വെങ്കിടേഷ് അയ്യരും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ ഇരുവരും ചേർന്ന് 40 റണ്‍സാണ് കൂട്ടിച്ചേർത്തത്. എന്നാൽ ആറാം ഓവറിൽ തുറുപ്പുചീട്ടായ ഹർഷൽ പട്ടേലിനെ കൊണ്ടുവന്ന് കോലി കൂട്ടുകെട്ട് പൊളിച്ചു. പന്തുകളില്‍ നിന്ന് 29 റണ്‍സെടുത്ത ഗില്ലിനെ ഡിവില്ലിയേഴ്‌സിന്റെ കൈയ്യിലെത്തിച്ച് ഹര്‍ഷല്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കി.
ഗില്ലിന് പകരം ക്രീസിലെത്തിയ രാഹുൽ ത്രിപാഠിയും അധികം വൈകാതെ മടങ്ങി. ആറ് റണ്‍സെടുത്ത താരത്തെ ചാഹൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ നിതീഷ് റാണയും വെങ്കിടേഷ് അയ്യരും വിക്കറ്റ് നഷ്‌ടപ്പെടുത്താതെ സൂക്ഷ്‌മമായി ബാറ്റ് വീശി. എന്നാൽ 11-ാം ഓവറിൽ അയ്യരെ മടക്കി അയച്ച് ഹർഷൽ വിണ്ടും ബാംഗ്ലൂരിന് മടങ്ങിവരവ് സമ്മാനിച്ചു. 30 പന്തിൽ 26 റണ്‍സെടുത്ത താരത്തെ കീപ്പർ ഭരത് പിടികൂടുകയായിരുന്നു.
എന്നാൽ കാർത്തിക്കിന് പകരം സ്ഥാനക്കയറ്റം കിട്ടിയിറങ്ങിയ സുനിൽ നരെയ്‌ൻ മത്സരത്തിന്‍റെ ഗതിമാറ്റി. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് പായിച്ച് താരം സമ്മർദം കുറച്ചു. പിന്നാലെ ഡാൻ ക്രിസ്‌റ്റ്യന്‍റെ രണ്ട് പന്തുകൾ നരെയ്‌ൻ തുടരെ സിക്‌സർ പറത്തി. ഇതോടെ 12 ഓവറിൽ ടീം സ്കോർ 100 കടന്നു. എന്നാൽ റാണയെ പുറത്താക്കി ചാഹല്‍ കൊൽക്കത്തക്ക് ശക്തമായ പ്രതിരോധം തീർത്തു. 23 റണ്‍സെടുത്ത താരം ഡിവില്ലിയേഴ്‌സിന് ക്യാച്ച് നൽകുകയായിരുന്നു.
അവസാന മൂന്ന് ഓവറിൽ കൊൽക്കത്തക്ക് ജയിക്കാൻ വെറും പതിമൂന്ന് റണ്‍സ് മാത്രം മതിയായിരുന്നു. 18-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ നരെയ്‌നെ സിറാജ് പുറത്താക്കി. 15 പന്തിൽ നിന്ന് 26 റണ്‍സ് നേടിയ താരം ബൗൾഡ് ആവുകയായിരുന്നു. അതേ ഓവറിലെ നാലാം പന്തിൽ ദിനേശ് കാർത്തിക്കിനേയും സിറാജ് മടക്കി അയച്ചു. ആ ഓവറിൽ മൂന്ന് റണ്‍സ് മാത്രം വഴങ്ങിയ സിറാജ് രണ്ട് വിക്കറ്റും നേടി. ഇതോടെ അവസാന രണ്ട് ഓവറിൽ കൊൽക്കത്തയുടെ വിജയലക്ഷ്യം 12 റണ്‍സായി.
ക്രീസിൽ ക്യാപ്‌റ്റൻ മോർഗനും, ഷാക്കിബ് അൽ ഹസനും. ജോർജ് ഗാൾട്ടന്‍റെ 19-ാം ഓവറിൽ അഞ്ച് റണ്‍സ് മാത്രമാണ് കൊൽക്കത്തക്ക് നേടാനായത്. ഇതോടെ അവസാന ഓവറിൽ വിജയ ലക്ഷ്യം ഏഴ് ആയി. അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ഫോർ നേടി ഷാക്കിബ് മത്സരം വരുതിയിലാക്കി. പിന്നാലെ മുന്ന് സിംഗിളുകൾ നേടി കൊൽക്കത്ത വിജയം സ്വന്തമാക്കി. ബാംഗ്ലൂരിനായി സിറാജ്, ചാഹൽ, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
ALSO READ :IPL 2021: ബാംഗ്ലൂരിനെ എറിഞ്ഞ് പിടിച്ച് കൊല്‍ക്കത്ത, ജയിക്കാൻ 139 റൺസ്
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂർ നായകൻ വിരാട് കോലിയുടെയും(39) , ദേവ്‌ദത്ത് പടിക്കലിന്‍റെയും(21) മികവിലാണ് 138 റണ്‍സ് നേടിയത്. നാല് ഓവറില്‍ 21 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ സുനില്‍ നരെയ്‌നാണ് ബാംഗ്ലൂരിനെ എറിഞ്ഞിട്ടത്. ഗ്ലെൻ മാക്‌സ്‌വെല്‍ (15), എബി ഡിവില്ലിയേഴ്‌സ് ( 11), ഷഹബാസ് അഹമ്മദ് (13) എന്നിവർ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്.