ഷാർജ :ഐപിഎല്ലിൽ മുംബൈക്കെതിരെ ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ബൗളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഓരോ മാറ്റവുമായാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്. ഡൽഹി ക്യാപ്പിറ്റൽസ് ലളിത് യാദവിന് പകരം പൃഥ്വി ഷായെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ മുംബൈ ഇന്ത്യൻസ് രാഹുൽ ചാഹറിന് പകരം ജയന്ത് യാദവിനെ ഉൾപ്പെടുത്തി.
പ്ലേ ഓഫിൽ കടന്ന ആത്മവിശ്വാസവുമായി ഡൽഹി ഇന്ന് കളത്തിലിറങ്ങുമ്പോൾ ജീവൻ മരണ പോരാട്ടം ലക്ഷ്യമിട്ടാണ് മുംബൈ ഇറങ്ങുന്നത്. 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുള്ള ഡൽഹി പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുമായി മുംബൈ ആറാം സ്ഥാനത്തും.
ആദ്യ പാദത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഡൽഹിക്കൊപ്പമായിരുന്നു. ഇതുവരെ ഏറ്റുമുട്ടിയ 29 മത്സരങ്ങളിൽ 16 എണ്ണം മുംബൈ ജയിച്ചപ്പോൾ 13 തവണ ഡൽഹി വിജയിച്ചു. എന്നാൽ ഇപ്പോഴത്തെ ഫോമിൽ ഡൽഹിക്കെതിരെ വിജയം നേടാൻ മുംബൈ ഏറെ പണിപ്പെടേണ്ടിവരും.